RBI | എടിഎമ്മില്‍ നിന്നും എത്ര തവണ സൗജന്യമായി തുക പിന്‍വലിക്കാം; മെയ് 1 മുതല്‍ പണി കിട്ടും; ഇടപാടുകാരില്‍ നിന്നും ഈടാക്കുക 23 രൂപ; ആര്‍ബിഐയുടെ ഫീസ് വര്‍ദ്ധന ഇങ്ങനെ!

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നും തുക പിന്‍വലിക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2025 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്നും 23 രൂപ ഈടാക്കും. നിലവില്‍ ഓരോ ഇടപാടിനും 21 രൂപയാണ് ഈടാക്കുന്നത്.

ആര്‍.ബി.ഐയുടെ ഫീസ് വര്‍ധനവ് ഉണ്ടെങ്കിലും പ്രതിമാസ സൗജന്യ എടിഎം ഇടപാടുകളില്‍ മാറ്റമില്ല. അത് തുടര്‍ന്നും ലഭിക്കും.

ഇടപാടുകളുടെ കണക്കുകള്‍:

1. സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്പത്തികവും സാമ്പത്തികേതരവും).

2. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകള്‍.

3.നോണ്‍-മെട്രോ പ്രദേശങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍.

ഈ പരിധി കവിഞ്ഞാല്‍, ഉപഭോക്താക്കള്‍ ഓരോ പിന്‍വലിക്കലിനും 23 രൂപ നല്‍കേണ്ടിവരും.

ആര്‍ബിഐ എടിഎം ഫീസ് വര്‍ദ്ധിപ്പിച്ചത് എന്തുകൊണ്ട്?

എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവുകള്‍ നികത്തേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍.ബി.ഐ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. 2021 ലാണ് എടിഎം പിന്‍വലിക്കല്‍ ഫീസ് ആര്‍ബിഐ അവസാനമായി പരിഷ്‌കരിച്ചത്. അന്ന് ചാര്‍ജ് 20 രൂപയില്‍ നിന്ന് 21 രൂപയായി വര്‍ദ്ധിപ്പിച്ചു.

ക്യാഷ് മാനേജ്‌മെന്റ്, എടിഎം അറ്റകുറ്റപ്പണി, സുരക്ഷ എന്നിവയ്ക്കായി ബാങ്കുകള്‍ ചെലവുകള്‍ വഹിക്കുന്നു. ഈ ചെലവുകളില്‍ ചിലത് വീണ്ടെടുക്കാന്‍ ബാങ്കുകളെ സഹായിക്കുക എന്നതാണ് ഫീസ് വര്‍ദ്ധനവ് കൊണ്ട് ലക്ഷ്യമിടുന്നത്.

പതിവ് എടിഎം ഉപയോക്താക്കള്‍ക്ക് തുക പിന്‍വലിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ അധിക ചാര്‍ജുകള്‍ ഒഴിവാക്കാന്‍ കഴിയും. എടിഎം വഴിയല്ലാതെ യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ വാലറ്റുകള്‍ പോലുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഓപ്ഷനുകള്‍ വഴി പണം പിന്‍വലിക്കാന്‍ പല ബാങ്കുകളും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.

എടിഎം പിന്‍വലിക്കല്‍ ചാര്‍ജുകളില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഗണ്യമായ തുക സമ്പാദിക്കുന്നുവെന്ന് സര്‍ക്കാര്‍ ഡാറ്റ സൂചിപ്പിക്കുന്നു. മറുവശത്ത്, നിരവധി പൊതുമേഖലാ ബാങ്കുകള്‍ (പി.എസ്.ബി) എടിഎം സേവനങ്ങള്‍ പരിപാലിക്കുന്നതിനുള്ള ചെലവുകള്‍ കാരണം സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും മനസിലാക്കാം.

Related Articles
Next Story
Share it