എല്‍പിജി സബ്സിഡി ലഭിക്കാന്‍ ഇനി വാര്‍ഷിക ഇ-കെവൈസി നിര്‍ബന്ധം
ഇന്ത്യന്‍ ഓയില്‍, എച്ച്പി, ഭാരത് പെട്രോളിയം ഉപഭോക്താക്കള്‍ക്ക് അവരുടെ കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴി ഇ-കെവൈസി (ബയോമെട്രിക് ആധാര്‍ പരിശോധന) പൂര്‍ത്തിയാക്കാം

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ എല്‍പിജി സബ്സിഡി തുടര്‍ന്നും ലഭിക്കുന്നതിന് ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ എല്ലാ വര്‍ഷവും ഇ-കെവൈസി പരിശോധന പൂര്‍ത്തിയാക്കണമെന്ന് എണ്ണക്കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍, എച്ച്പി, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴി ഇ-കെവൈസി (ബയോമെട്രിക് ആധാര്‍ പരിശോധന) പൂര്‍ത്തിയാക്കാം. ഗ്യാസ് വിതരണക്കാരന്റെ ഓഫീസ് സന്ദര്‍ശിച്ചോ വെരിഫിക്കേഷന്‍ ആപ്പ് കൈവശമുള്ള ഡെലിവറി ഉദ്യോഗസ്ഥര്‍ വഴിയോ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം. സേവനം തികച്ചു സൗജന്യമാണെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ക്ക് https://pmuy.gov.in/e-kyc.html എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഓരോ സാമ്പത്തിക വര്‍ഷത്തിലും ഒരിക്കല്‍ ഇ-കെവൈസി പൂര്‍ത്തിയാക്കുന്നത് നിര്‍ബന്ധമാക്കിയതായും എണ്ണക്കമ്പനികള്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പ്രതിവര്‍ഷം പരമാവധി ഒമ്പത് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി നല്‍കുന്നു. എന്നിരുന്നാലും, എട്ടാമത്തെയും ഒമ്പതാമത്തെയും റീഫില്ലുകള്‍ക്കുള്ള സബ്സിഡി ബയോമെട്രിക് പരിശോധന പൂര്‍ത്തിയാകുന്നതുവരെ തടഞ്ഞുവയ്ക്കും.
മാര്‍ച്ച് 31 ന് മുമ്പ് ഇ-കെവൈസി നടത്തിയാല്‍, തടഞ്ഞുവച്ച സബ്സിഡി തിരികെ നല്‍കും. അല്ലാത്തപക്ഷം, സബ്‌സിഡി ശാശ്വതമായി റദ്ദാക്കപ്പെടും. ഇ-കെവൈസി തീര്‍പ്പാക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിര്‍ത്തില്ല, പക്ഷേ സബ്‌സിഡി ആനുകൂല്യങ്ങള്‍ ക്രെഡിറ്റ് ചെയ്യപ്പെടില്ല എന്നുമാത്രം.
എണ്ണക്കമ്പനികലുടെ മുന്നറിയിപ്പിന് പിന്നാലെ മൊബൈല്‍ ആപ്പ്, ഡിസ്ട്രിബ്യൂട്ടര്‍ ഓഫീസ് അല്ലെങ്കില്‍ ഡെലിവറി സ്റ്റാഫ് എന്നീ മൂന്ന് രീതികളില്‍ ഏതെങ്കിലും വഴി ഇ-കെവൈസി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തെലങ്കാന എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജഗന്‍ മോഹന്‍ റെഡ്ഡി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

