വാടക ഇനത്തില്‍ 18% ജി.എസ്.ടി:'കൗണ്‍സില്‍ തീരുമാനം ആശ്വാസം'; പ്രതിഷേധം തുടരുമെന്ന് രാജു അപ്‌സര

കാസര്‍കോട്: വ്യാപാര സ്ഥാപനങ്ങളുടെ വാടകയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ 18 ശതമാനം ജി.എസ്.ടി ബാധ്യതയില്‍ നിന്ന് കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുത്ത ചെറുകിട വ്യാപാരികളെ ഒഴിവാക്കാനുള്ള ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര പറഞ്ഞു.

റെഗുലര്‍ സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് റിവേഴ്‌സ് ചാര്‍ജ് സംവിധാനത്തിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി വാടകയിന്മേലുള്ള നികുതി ബാധ്യതയില്‍ നിന്നും ഒഴിവാകാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നപ്പോഴും ചെറുകിട വ്യാപാരികളുടെ മേല്‍ (ഒന്നരക്കോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള കോമ്പൊസിഷന്‍ ഓപ്ഷന്‍ എടുത്തവര്‍) ഈ ബാധ്യത നിഷ്‌കരുണം അടിച്ചേല്‍പ്പിക്കുന്ന വിധമായിരുന്നു ജി.എസ്.ടി കൗണ്‍സിലിന്റ മുന്‍ തീരുമാനം. നിലനില്‍പ്പിനായി പൊരുതുന്ന ചെറുകിട വ്യാപാരികള്‍ക്കെതിരെയുള്ള ക്രൂരമായ ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകോപന സമിതി പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കുകയും വാടകയിന്മേലുള്ള നികുതി, ഓണ്‍ലൈന്‍ വ്യാപാരം, സ്വദേശ, വിദേശ കുത്തകകളെ സംരക്ഷിക്കുന്ന സമീപനം എന്നിവയിലുള്ള നയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതേ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഫെബ്രുവരി 4ന് പാര്‍ലമെന്റ് മാര്‍ച്ചിനുള്ള ക്രമീകരണങ്ങളും നടന്നുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് 55-ാം ജി.എസ്.ടി കൗണ്‍സിലിന്റ ആശ്വാസകരമായ തീരുമാനം വന്നിട്ടുള്ളത് .ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരായ ഈ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നതുവരെ ഏകോപനസമിതിയിലെ അംഗങ്ങള്‍ക്ക് വിശ്രമമില്ലെന്നും അവ പരിഹരിക്കപ്പെടാതെ വ്യാപാരികള്‍ക്ക് ആശ്വാസത്തിന് വകയില്ലെന്നും രാജു അപ്‌സര പ്രസ്താവനയില്‍ പറഞ്ഞു

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it