മഞ്ചേശ്വരം: മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം മഞ്ചേശ്വരത്തിനും ദക്ഷിണകര്ണാടകക്കുമിടയില് കടല്‍തീരത്ത് കണ്ടെത്തി. കര്‍ണാടക തന്നിര്ബാവി സ്വദേശി ദാവൂദ് സിദ്ദിഖിന്റെ(39) മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ദാവൂദ് സിദ്ദിഖ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മറ്റ് അഞ്ച് മത്സ്യതൊഴിലാളികള്‍ക്കൊപ്പം തന്നിര്ബാവിയില് നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പനമ്പൂര്‍ കടല്‍ത്തീരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ തിരമാലകളില്‍പെട്ട് ബോട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ദാവൂദിനെ കടലില്‍ കാണാതാകുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യതൊഴിലാളികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം മൃതദേഹം കടലില്‍ ഒഴുകി നടക്കുന്നത് ചില മത്സ്യതൊഴിലാളികള്‍ കാണുകയും ഇവര്‍ അധികൃതരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തിയതോടെ മംഗളൂരുവില്‍ നിന്നെത്തിയ ബോട്ടില്‍ കയറ്റി നാട്ടിലേക്ക് കൊണ്ടുപോയി. ദാവൂദ് കഴിഞ്ഞ 15 വര്‍ഷമായി മത്സ്യബന്ധനത്തിലേര്പ്പെട്ടുവരികയായിരുന്നു.