തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ബിവറേജസ് ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് മണിവരെയാക്കാമെന്നും ഉത്തരവില്‍ പറയുന്നു. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളില്‍ മദ്യം നല്‍കാനും അനുവാദമുണ്ട്. അതേസമയം കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം മദ്യശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസത്തോളമായി സംസ്ഥാനത്തെ മദ്യശാലകള്‍ അടഞ്ഞുകിടക്കുകയാണ്. മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച എക്സൈസ് വകുപ്പ് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ബാറുകളിലെ പാഴ്സല്‍ വഴിയുള്ള മദ്യവില്‍പ്പന ഇനിയുണ്ടാകില്ല. വില്‍പ്പന ബെവ്കോ ഔട്ട്ലെറ്റുകള് വഴി മാത്രമാക്കും. അതേസമയം കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളില്‍ പാഴ്സല്‍ വില്‍പ്പന തുടരും.
ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് ബാറുകള്‍ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വില്‍പ്പന മാത്രമാണ് ഇപ്പോഴുള്ളത്. ബാറുകള്‍ തുറന്നാല്‍ രോഗം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. രോഗത്തിന്റെ സാഹചര്യം കണക്കിലെടുത്ത് കടുത്ത ജാഗ്രതയോടു കൂടിയാകും മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കുക.