ബദിയടുക്കയില്‍ മത്സരം തീപാറും; ഭരണ തുടര്‍ച്ചക്ക് യു.ഡി.എഫും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമുഖത്ത്

ബദിയടുക്ക: വാര്‍ഡ് വിഭജനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നേരിടുന്നതിന് ഒരുങ്ങി മുന്നണികള്‍. ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ ഭരണ തുടര്‍ച്ചക്ക് യു.ഡി.എഫും ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പിയും സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. നേരത്തെ 19 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ വര്‍ധിപ്പിച്ചാണ് വാര്‍ഡുകള്‍ വിഭജിച്ചത്. ഇതോടെ നേരത്തെ കുത്തക വാര്‍ഡുകള്‍ എന്ന് അവകാശപ്പെട്ടിരുന്ന പല വാര്‍ഡുകളും ഇല്ലാതായി. മാത്രമല്ല, പല വാര്‍ഡുകളും സ്ത്രീ സംവരണമായതോടെ പല നേതാക്കള്‍ക്കും സുരക്ഷിതമായ വാര്‍ഡുകള്‍ ഇല്ലതായി. നിലവില്‍ യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് എട്ടും എല്‍.ഡി.എഫിന് രണ്ടും എല്‍.ഡി.എഫ് സ്വതന്ത്രക്ക് ഒരു സീറ്റുമാണുള്ളത്. സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്-ബി.ജെ.പിയെ പിന്തുണച്ച് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ പിടിച്ചെടുത്തത് ഏറെ ചര്‍ച്ചാ വിഷയമാവുന്നു. അതിനിടെ രണ്ടര വര്‍ഷം പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് പിന്തുണയോടെ വിജയിച്ച റഷീദ ഹമീദ് എല്‍.ഡി.എഫ് പിന്തുണ പിന്‍വലിച്ച് യു.ഡി.എഫിനൊപ്പം നിന്നു.

ഇത്തവണ യു.ഡി.എഫ് നേരത്തെ തന്നെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ചു. 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 9 വാര്‍ഡുകളില്‍ മുസ്ലിംലീഗും മത്സരിക്കാന്‍ ധാരണയായി. ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ച് പ്രചരണം തുടങ്ങിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബി.ജെ.പിയും ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിച്ച് പ്രചരണത്തിനിറങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്ന് വരുന്നതെയുള്ളു. യു.ഡി.എഫ് ഭരണ തുടര്‍ച്ച അവകാശപെടുമ്പോള്‍ ഭരണം തിരിച്ചുപിടിക്കുമെന്ന പ്രചരണവുമായി ബി.ജെ.പി മുന്നോട്ട് പോകുന്നു. എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള കഠിന ശ്രമത്തിലാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it