ബദിയടുക്ക പഞ്ചായത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ബി.ജെ.പി ആധിപത്യം; യു.ഡി.എഫിന് ലഭിച്ചത് ഒന്ന് മാത്രം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഭരണസമിതിയിലേക്ക് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലും ബി.ജെ.പി ആധിപത്യം ഉറപ്പിച്ചു. മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രണ്ടെണ്ണം ബി.ജെ.പിക്ക് ലഭിച്ചു. ഒരെണ്ണമാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിനും ബി.ജെ.പിക്കും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ നേരത്തെ നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. അഞ്ച് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നാലും ലഭിച്ച ആഹ്ലാദത്തിലാണ് ബി.ജെ.പി. സി.പി.എമ്മിലെ ഏകഅംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ സ്ത്രീസംവരണ നറുക്കെടുപ്പില്‍ യു.ഡി.എഫിനാണ് ഭാഗ്യം ലഭിച്ചത്. പിന്നീട് നടന്ന ജനറല്‍ വോട്ടെടുപ്പില്‍ യു.ഡി.എഫ് വിജയം ഉറപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ 10 വീതം വോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് ലഭിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് യു.ഡി.എഫിന് രണ്ടും ബി.ജെ.പിക്ക് മൂന്നും വോട്ടുകള്‍ ലഭിച്ചതോടെ ബി.ജെ.പി തന്നെ വിജയം ഉറപ്പിച്ചു. കമ്മിറ്റികളില്‍ അംഗമാകാത്ത നാല് പേര്‍ ധനകാര്യ കമ്മിറ്റിയിലേക്ക് വന്നു. ജനറല്‍ വിഭാഗത്തില്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളായ കോണ്‍ഗ്രസിലെ ഗംഗാധര ഗോളിയടുക്ക, ബി.ജെ.പിയിലെ ബാലകൃഷ്ണ ഷെട്ടി എന്നീ രണ്ട് മുതിര്‍ന്ന നേതാക്കളുടെ വോട്ട് അസാധുവായത് കൗതുകമായി. 8ന് ചേരുന്ന ഭരണസമിതിയില്‍ ചെയര്‍മാന്‍മാരെ പ്രഖ്യാപിക്കും.

