കാസര്‍കോട്: കാഴ്ച കലാ സാംസ്കാരിക വേദി, മാധ്യമ പ്രവര്‍ത്തകരായിരുന്ന കളത്തില്‍ രാമകൃഷ്ണന്, മുത്തലിബ് എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്ക്കാരങ്ങള്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ ഷാഫി തെരുവത്തിനും (ഉത്തരദേശം), എം.വി വസന്തിനും (ദീപിക പാലക്കാട് ബ്യൂറോ ചീഫ്) നഗരസഭ ചെയര്മാന് അഡ്വ. വി.എം മുനീര്‍ സമ്മാനിച്ചു. കാഴ്ച്ച പ്രസിഡണ്ട് അഷ്റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു.
കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍ കളത്തില്‍ രാമകൃഷ്ണന് അനുസ്മരണവും ടി.എ ഷാഫി മുത്തലിബ് അനുസ്മരണവും നിര്‍വഹിച്ചു. അവാര്‍ഡ് ജേതാക്കളെ അബ്ദുല്‍ റഹ്മാന് ആലൂര് പരിചയപ്പെടുത്തി. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഖാലിദ് പൊവ്വല്‍, ടി. കെ പ്രഭാകര കുമാര്‍ എന്നിവരേയും ആദരിച്ചു. സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി സണ്ണി ജോസഫ്, ജോര്‍ജ് പൊയ്കയില്‍, കെ.വി പത്മേഷ് സംസാരിച്ചു.
ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ചു അട്ടപ്പാടിയിലെ ആദിവാസി ശൈശവ വിവാഹങ്ങള്‍ എന്നപരമ്പരയാണ് വസന്തിനെയും ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച ലഹരിയില്‍ അമരുന്ന യുവത്വം എന്ന ലേഖന പരമ്പരയാണ് ഷാഫി തെരുവത്തിനെയും അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ റഹ്മാന് തായലങ്ങാടി, ജോര്‍ജ് പൊയ്കയില്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.