ഹാസന്: ഓട്ടോ വാടകയായി കുറഞ്ഞ നിരക്ക് ഈടാക്കുന്നതിന്റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. മൈസൂര്‍ ജില്ലയിലെ പിരിയപട്ടണ സ്വദേശിയായ പ്രസന്നയെ (31)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറക്കലഗുഡ് താലൂക്കിലെ മല്ലാപുര സ്വദേശി ജഗദീഷിനെയാണ് (42) പ്രസന്ന കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ രണ്ടുപേരും ഓട്ടോ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിവരികയായിരുന്നു. പ്രസന്നയും ജഗദീഷും പിരിയപട്ടണത്തെ രാമനാഥപുര ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നാണ് വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോയിരുന്നത്. ജഗദീഷ് യാത്രക്കാരോട് കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. ഇതുകാരണം ജഗദീഷിന്റെ ഓട്ടോയിലാണ് ഭൂരിഭാഗം യാത്രക്കാരും വാടകക്ക് പോയിരുന്നത്. ഇതുകാരണം തനിക്ക് ഓട്ടം കുറയുകയാണെന്നും താന്‍ വാങ്ങുന്ന നിരക്ക്തന്നെ യാത്രക്കാരോട് വാങ്ങണമെന്നും പ്രസന്ന ജഗദീഷിനെ അറിയിച്ചെങ്കിലും ജഗദീഷ് ഇതിന് വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ജഗദീഷിനെ കൊലപ്പെടുത്താന്‍ പ്രസന്ന പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 26ന് രാത്രി, പ്രസന്ന ജഗദീഷിനെ ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് പറഞ്ഞ് തന്റെ ഓട്ടോയില്‍ കയറ്റി. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പ്രസന്ന ഓട്ടോറിക്ഷ നിര്‍ത്തുകയും ജഗദീഷിനെ കൊലപ്പെടുത്തുകയുമായിരുന്നു.