ഡിസംബര്‍ 17ന് ഓര്‍ക്കേണ്ടത്

ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നു. ഇരുപത്തിയൊന്നാം അനുച്ഛേദം -എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആത്മാഭിമാനത്തോടെ, ആരോഗ്യത്തോടെ, സന്തോഷത്തോടെയുള്ള ജീവിതം. with proud, health, pleasure.

ജീവനോപാധിക്കുള്ള അവകാശമാണ് ജീവിക്കാനുള്ള അവകാശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1983ല്‍ സുപ്രീംകോടതി ഓഗാ ടെല്ലിസിന്റെ കേസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്ക് വേതനം വെറുതെ കൊടുക്കുകയല്ല, ജോലി ചെയ്തതിനുള്ള പ്രതിഫലമായി നല്‍കുന്നത്. വെറുതെ കൊടുക്കുമ്പോള്‍ അത് 'പിച്ചക്കാശ്' കൊടുക്കലാകും. അത് കൈപ്പറ്റുന്നയാള്‍ക്ക് ആത്മാഭിമാനം ഇല്ലാതാകും. പ്രായാധിക്യം മൂലം ജോലി ചെയ്യാന്‍ ശേഷി ഇല്ലാതായാലോ? പെന്‍ഷന്‍ നല്‍കണം. അവശതാ പെന്‍ഷന്‍. ജന്മനാ അഥവാ അപകടത്തില്‍പ്പെട്ടത് കൊണ്ട് ജോലി ചെയ്യാന്‍ പ്രാപ്തി ഇല്ലാതായാലും പെന്‍ഷന്‍ നല്‍കണം. സര്‍ക്കാര്‍ ജോലിയില്‍ നിയമനം ലഭിച്ച് ജോലി ചെയ്തുകൊണ്ടിരുന്നവര്‍ക്ക് നിശ്ചിത പ്രായപരിധിയില്‍ എത്തുമ്പോള്‍, സേവന കാലവും ലഭിച്ചുകൊണ്ടിരുന്ന വേതന തുകയും പരിഗണിച്ച് സര്‍വീസ് പെന്‍ഷന്‍. അത് അവരുടെ അവകാശമാണ്. 'നകാരാ' കേസ് എന്നറിയപ്പെടുന്ന ഒരു കേസുണ്ട്. ഡി.എസ് നകാരയും മറ്റുചിലരും ഇന്ത്യ ഗവണ്‍മെന്റിനെതിരെ ഫയല്‍ ചെയ്ത കേസ്. 1982 ഡിസംബര്‍ 17ന് ജസ്റ്റിസ് ഡി.എ. ദേശായിയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് വിധി പറഞ്ഞു. 'പെന്‍ഷന്‍ എന്നത് ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഭരണഘടനാദത്തമായ അവകാശമാണ്; സര്‍ക്കാറിന്റെ ഔദാര്യമല്ല. സര്‍ക്കാറിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് പെന്‍ഷന്‍ നല്‍കുക എന്നത്' -അത്യുന്നത നീതിപീഠം വ്യക്തമാക്കി.

നൈനി ഗോപാലും ഇന്ത്യ ഗവണ്‍മെന്റും എന്ന 2020ലെ കേസില്‍ കോടതി പറഞ്ഞു: 'പെന്‍ഷന്‍ അനുവദിക്കുന്നതില്‍ സര്‍ക്കാറിന് വിവേചനാധികാരമില്ല. കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാന്‍ സര്‍ക്കാറിന് അവകാശമില്ല. കൊടുക്കുക തന്നെ വേണം'.

'പെന്‍ഷന്‍, മാറ്റിവെയ്ക്കപ്പെട്ട വേതനമാണ്' എന്ന് നാകാര കേസില്‍ സുപ്രീംകോടതി നിര്‍വഹിച്ചിട്ടുണ്ട്. ഒരു ജീവനക്കാരന്‍ സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ ഭാവിയില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ നല്‍കേണ്ട പെന്‍ഷന്‍ തുക അയാളുടെ വേതനത്തില്‍ നിന്ന് മാറ്റിവെച്ചിട്ടുണ്ട്. അതാണ് പിരിഞ്ഞ ശേഷം മാസംതോറും നല്‍കുന്നത്. മാസാവസാനം ആണല്ലോ ശമ്പളം നല്‍കുക; എന്നാല്‍ ഓരോ മാസത്തെയും ഒന്നാം തിയതി തന്നെ പെന്‍ഷന്‍ ലഭ്യമാകും; ലഭ്യമാകണം -കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 17ന് പെന്‍ഷന്‍ ദിനം കൊണ്ടാടുമ്പോള്‍ ഓര്‍ക്കുക, നകാരയെ, ഭരണഘടനയെ, അത്യുന്നത നീതിപീഠത്തെ, ട്രഷറിയെ, അത് നിറച്ചവരെ...

Related Articles
Next Story
Share it