ബാനത്തെ കുട്ടികള്‍ക്ക് മാനത്തോളം അഭിമാനം: മംഗലംകളി ഈ ചുവടുകളില്‍ ഭദ്രമാണ്

കാസര്‍കോട്: പാട്ടിന്റെയും തുടിയുടെയും അകമ്പടിയില്‍ മംഗലംകളിയിലൂടെ അവര്‍ ചുവടുവെച്ച് കയറിയത് അഭിമാന നേട്ടത്തിലേക്കായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മംഗലംകളി വിഭാഗത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബാനം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികള്‍ എ ഗ്രേഡ് നേടി. ഒപ്പം സംസ്ഥാനത്ത് കൂടുതല്‍ പോയിന്റും. മാവിലന്‍, മലവേട്ടുവന്‍ സമുദായങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള മംഗലംകളി ഈ വര്‍ഷമാണ് സ്‌കൂള്‍ കലോത്സവത്തിന്റെ മത്സര ഇനമാകുന്നത്. ജില്ലയില്‍ വിജയിച്ച് സംസ്ഥാനത്തെത്തിയപ്പോള്‍ ചുവടുകളും പാട്ടും പിഴക്കാതെ തനത് മംഗലംകളി വേദിയിലെത്തിക്കുകയായിരുന്നു ബാനത്തെ കുട്ടികള്‍. ഉപജില്ല, ജില്ല മത്സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ടീം കാഴ്ചവെച്ചത്. ദമ്പതികളായ സുനില്‍ ബാനം, സുനിത സുനില്‍ എന്നിവരാണ് പരിശീലകര്‍. മംഗലംകളിയെ ജനകീയമാക്കി ഫോക്‌ലോര്‍ അവാര്‍ഡ് നേടിയ ബാനത്തെ ഉമ്പിച്ചിയമ്മയില്‍ നിന്നും കുട്ടികള്‍ ചുവടുകള്‍ പഠിച്ചെടുത്തിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it