അറഫ: പശ്ചാത്താപത്താല്‍ വെന്തുരുകിയ വിശ്വാസികളുടെ കണ്ണീരാല്‍ അറഫാ മൈതാനത്തെ മണല്‍ തരികള്‍ നനയുകയാണ്. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ ഇരുപത് ലക്ഷത്തില്‍പരം ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫയിലെ പ്രാര്‍ത്ഥനക്കായി വിശാലമായ മരുപ്രദേശത്ത് സംഗമിക്കുകയാണ്. ചെയ്തു പോയ തെറ്റുകളെ കുറിച്ച് ഓര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര് വാര്‍ക്കുന്ന ഹാജിമാര്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് അറഫാ മണല്‍ തരികള്‍.
ഒരായുസ്സിന്റെ പാവങ്ങള്‍ കണ്ണീരാല്‍ അവര്‍ കഴുകി കളയുകയാണ്. പിറന്നു വീണ പൈതലിന്റെ ഹൃദയനൈര്മല്യവുമായി ഇന്ന് സന്ധ്യയോടെ ഹാജിമാര്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് തിരിക്കും.
മിനായില്‍ നിന്നും ഇന്ന് പുലര്‍ച്ചയോടെ ശുഭ്രവസ്ത്രധാരികളായ ഹാജിമാര്‍ അറഫയിലേക്ക് ഒഴുകി എത്തിയതോടെ വിശാലമായ അറഫാ മരുഭൂമി ശാന്തമായി അലയടിക്കുന്ന പാല്‍ക്കടലായി മാറി. വര്‍ഷത്തില്‍ ഒരു പകലിന്റെ മാത്രം ആയുസുള്ള ഈ മരുഭൂമിയില്‍ ജനജീവിതം സുഗമമാക്കാന്‍ എല്ലാ സൗകര്യങ്ങളും സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ചൂടില്‍ നിന്നും രക്ഷ നേടാന്‍ കൃത്രിമ മഴയും ആസ്പത്രികള്‍, ഫയര്സ്റ്റേഷന്, പൊലീസ് സ്റ്റേഷന്, കോടതി, പോസ്റ്റ് ഓഫീസുകള്‍, ടെലഫോണ്‍ ബൂത്തുകള്‍ എന്നു വേണ്ട ഒരു മഹാനഗരത്തിന് വേണ്ടതെന്നും അറഫാ മരുഭൂമിയിലൊരുക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നെത്തിയ ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുക്കുന്നത് ഇവര്‍ക്കായി പുണ്യനഗരിയില്‍ ഇന്ത്യന്‍ പില്ഗ്രിംസ് അസിറ്റന്സ് സെന്റര്‍ എന്ന പേരില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം അറഫാ പ്രഭാഷണം നടത്തി. ളുഹര്‍, അസര്‍ നമസ്കാരങ്ങള്‍ അറഫയില്‍ നിര്‍വഹിക്കുന്ന ഹാജിമാര്‍ സന്ധ്യവരെ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി അറഫയില്‍ ചെലവഴിക്കും. സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ രാത്രി അവിടെ തങ്ങി ജംറകളില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിച്ച് നാളെ പുലര്‍ച്ചയോടെ മിനായിലേക്ക് നീങ്ങും തുടര്‍ന്ന് ജംറയിലെ ആദ്യ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും. തുടര്‍ന്ന് മക്കയിലെ ഹറം പള്ളിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ കഅബ പ്രദക്ഷിണവും സഫ, മര്‍വ മലകള്‍ക്കിടയില ഓട്ടവും പൂര്‍ത്തീകരിച്ച് മിനായിലേക്ക് മടങ്ങും. തുടര്‍ന്ന് മൂന്ന് ദിവസം മിനായില്‍ രാപാര്‍ത്ത് ഹജ്ജിന്റെ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കും. ശനിയാഴ്ച വിടവാങ്ങല്‍ പ്രദിക്ഷണം നിര്‍വഹിച്ച് ഹാജിമാര്‍ മക്കയോട് വിട പറയും. സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നാളെയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. കേരളത്തില്‍ വ്യാഴാഴ്ചയാണ് ബലിപെരുന്നാള്‍.