സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു; വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെലഷ്യസ് വരെയും മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ 37 ഡിഗ്രി സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെലഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിനിടെ കൊടും ചൂടില്‍ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായര്‍ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഞ്ഞ ജാഗ്രത.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളില്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.