കാസര്‍കോട് ജില്ല-അറിയിപ്പുകള്‍- സൗജന്യ തൊഴില്‍ മേള

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ഫെബ്രുവരി 11 ന് കാസര്‍കോട്ട്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭ്യമായ പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ഫെബ്രുവരി 11 ന് രാവിലെ ഒന്‍പതിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമിപരിധിക്ക് മുമ്പായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. മാസ് പെറ്റിഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധിയെ മാത്രമെ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് മുനിസിപ്പാലിറ്റി (311 പെറ്റീഷനുകള്‍) എന്നിവ രാവിലെ ഒമ്പതിനും കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ (പടന്ന ഗ്രാമപഞ്ചായത്ത് ഒഴികെ) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (298 പെറ്റീഷനുകള്‍) എന്നിവ രാവിലെ 11നും മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, നീലേശ്വരം മുനിസിപ്പാലിറ്റി (245 പെറ്റീഷനുകള്‍) എന്നിവ ഉച്ചക്ക് രണ്ടിനും പരിഗണിക്കും.

ബിസില്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രീ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത +2), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റഗുലര്‍, പാര്‍ട് ടൈം ബാച്ചുകള്‍, മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍- 7994449314.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കൂടിക്കാഴ്ച്ച ആറിന്

കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രേഡിലേക്ക് ഈഴവ,ബില്ലവ, തീയ്യ വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച്ച ഫെബ്രുവരി ആറിന് രാവിലെ പത്തിന് നടത്തും. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ബിരുദം, ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എന്‍.ടി.സി, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം അപേക്ഷകള്‍ ക്ഷണിച്ചു

ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പ്രതിസന്ധികളില്‍ പതറി വീഴാതെ വലിയ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഊര്‍ജ്ജമൊരുക്കി സഞ്ചരിക്കാന്‍ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected] എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്. ഫോണ്‍ 0471-2308630.

ലേലം ചെയ്യും

അമ്പലത്തറ വില്ലേജിലെ റീ സര്‍വ്വെ നമ്പര്‍ 213/1 ല്‍ പ്പെട്ട 0.4 1/2 ഏക്കര്‍ ആന്‍ഡ് 0.4 1/2 ഏക്കര്‍ ഭൂമി മാര്‍ച്ച് 11ന് രാവിലെ 11ന് അമ്പലത്തറ വില്ലേജ് ഓഫീസ് പരിസരത്ത് പൊതുലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസുമായോ അമ്പലത്തറ വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- 0467 2204042.

വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒഴിവ്

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വനിതാ സംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ 25-40 ഇടയില്‍ പ്രായപരിധിയിലുള്ള സ്ത്രീകളായിരിക്കണം.

സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ യോഗ്യത നിയമ ബിരുദം, സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം. കൗണ്‍സിലിംഗ് രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. കേസ് വര്‍ക്കര്‍ യോഗ്യത നിയമ ബിരുദം, സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം. പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. ഫോണ്‍- 8281999065, 9446270127.

'പ്രയുക്തി' സൗജന്യ തൊഴില്‍ മേള ഫെബ്രുവരി 15ന്

കാസര്‍കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സീതാംഗോളിയിലുള്ള മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുയേറ്റ് സ്റ്റഡീസില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് മാലിക് ദിനാര്‍ കോളേജില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാട്ട്സ് ആപ് (9207155700) മുഖേനയോ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയോ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഫോണ്‍- 9207155700.

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മാമോഗ്രാം യൂണിറ്റിലേക്ക് ഒരു വര്‍ഷ കാലയളവിലേക്ക് മാമോഗ്രാം Cassettee(Fugi) വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17 രാവിലെ 11. വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍- 04994 230080.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it