കാസര്‍കോട് ജില്ല- അറിയിപ്പ്; കുടിവെള്ള വിതരണം മുടങ്ങും...

ബോധവല്‍ക്കരണ സെമിനാര്‍ നടത്തും
കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി സൈനിക ക്ഷേമ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെയും സ്‌കീമുകളുടെയും കൂടാതെ പെന്‍ഷന്‍, പാര്‍ട്ട് II ഓഡര്‍ വിവിധ സ്‌ക്കോളര്‍ഷിപ്പുകള്‍ മുതലായവ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. സെമിനാറില്‍ ജില്ലയിലെ വിമുക്ത ഭടന്മാരും, അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04994256860.
വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ഒന്നിന്
വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഒന്നിന് ഉച്ചക്ക് ശേഷം മൂന്നിന് വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആദ്യവാരം സംരംഭകത്വ വികസന പരിപാടി നടത്തും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരഭകരില്‍ നിന്നും സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്സ്. പ്രായം 18 വയസ്സിന് മുകളില്‍. ഫോണ്‍- 9188401714.
കുടിവെള്ള വിതരണം മുടങ്ങും
വോര്‍ക്കാടി പഞ്ചായത്തിലെ ആനക്കല്ല് വാട്ടര്‍ അതോറിറ്റി പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 30, 31 തീയതികളില്‍ വോര്‍ക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുമെന്നും ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേരള വാട്ടര്‍ അതോറിറ്റി ഡബ്ല്യു.ഇ.എസ്.പി സബ് ഡിവിഷന്‍, കാസര്‍കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
30ന് ഫോട്ടോ പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശനവും
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധിയുടെ ഫോട്ടോ പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശനവും ജനുവരി 30-ന് മുനിസിപ്പല്‍ ലൈബ്രറിയില്‍ നടത്തും. ഫോട്ടോ പ്രദര്‍ശനം രാവിലെ 10 ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ദി മേക്കിങ്ങ് ഓഫ് ദി മഹാത്മ എന്ന സിനിമ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം തയ്യാറാക്കിയ മലയാളം സബ് ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കും.