യാത്രക്കിടെ ശല്യം ചെയ്ത് യുവാവ്; ഇന്ത്യയിലെത്തിയ ഡച്ച് യുവതി ലോകത്തെ അറിയിച്ചതിങ്ങനെ
ഇന്ത്യയില്‍ ട്രെയിന്‍ യാത്രക്കിടെ യുവാവില്‍ നിന്ന് നേരിട്ട മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ്, ഇന്‍സ്റ്റഗ്രാമില്‍ അവക്കോഡോ ഓണ്‍ റോഡ് എന്ന പേരില്‍ വീഡിയോ ചെയ്യുന്ന ഡച്ച് ട്രാവൽ ഇന്‍ഫ്‌ളുവന്‍സറായ യുവതി. ഡല്‍ഹി മുതല്‍ ആഗ്ര വരെയുള്ള ട്രെയിന്‍ യാത്രയിലായിരുന്നു അവർ.യാത്ര ചെയ്തുള്ള ക്ഷീണം കാരണം വിശ്രമിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷെ തൊട്ടടുത്തിരുന്ന യുവാവ് തുടര്‍ച്ചയായി മോശം രീതിയില്‍ തന്നോട് സംസാരിക്കുകയും രഹസ്യമായി തന്റെ ഫോട്ടോകള്‍ എടുത്തെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുറേ നേരം അവഗണിക്കാന്‍ നോക്കിയെങ്കിലും നടന്നില്ലെന്നും തന്നെ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതി പറയുന്നു. തുടര്‍ന്നാണ് ഇയാളെയും ചേര്‍ത്ത് വീഡിയോ എടുത്തത്. വീഡിയോയില്‍ യുവതി ഉപയോഗിച്ച ഇംഗ്ലീഷ് മനസിലാവാതെ ഇയാള്‍ വീഡിയോയില്‍ പങ്കെടുക്കുകയായിരുന്നു. വീഡിയോയില്‍ യുവതി പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഇയാള്‍ എന്നെ മോശമായ രീതിയില്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ അനുവാദമില്ലാതെ എന്റെ ഫോട്ടോയെടുക്കുന്നു. അതുകൊണ്ട് ഞാനും തിരിച്ച് അതുപോലെ ചെയ്യുകയാണ്. ഇതുപോലുള്ളവര്‍ തൊട്ടടുത്തുണ്ടെങ്കില്‍ ഇതുപോലെ വീഡിയോ എടുക്കൂ''
ഭക്ഷണ വിതരണക്കാരല്ലാതെ വേറൊരു ജീവനക്കാരെയും ട്രെയിനില്‍ കണ്ടില്ലെന്നും എന്താ ചെയ്യേണ്ടതെന്ന് ആ ഘട്ടത്തില്‍ മനസിലായില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വീഡിയോ ഇതിനകം 4.7 മില്ല്യണ്‍ പേരാണ് കണ്ടത്. ഇന്ത്യയെ താന്‍ സ്‌നേഹിക്കുന്നെന്നും ഇത്തരം അനുഭവങ്ങള്‍ ഇന്ത്യയെ അനുഭവിച്ചറിയാനുള്ള തന്റെ യാത്രയെ തളര്‍ത്തില്ലെന്നും യുവതി വ്യക്തമാക്കി.