തേജസ് പൂര്‍ണമായും സുരക്ഷിതം; ദുബായ് അപകടം യുദ്ധവിമാനത്തിന്റെ ഭാവിയെ ബാധിക്കില്ലെന്ന് എച്ച്.എ.എല്‍ ചെയര്‍മാന്‍
ദുബായില്‍ കണ്ടത് നിര്‍ഭാഗ്യകരമായ സംഭവമായിരുന്നുവെന്നും ഡികെ സുനില്‍;
മുംബൈ: തേജസ് ലൈറ്റ് കോംബാറ്റ് വിമാനം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ദുബായ് അപകടം യുദ്ധവിമാനത്തിന്റെ ഭാവി ഉപയോഗത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡികെ സുനില്‍.
'തേജസില്‍ ഒരു പ്രശ്നവുമില്ല, അത് പൂര്‍ണ്ണമായും സുരക്ഷിതമാണ്, അതിന്റെ സുരക്ഷാ റെക്കോര്‍ഡ് ലോകത്തിലെ ഏറ്റവും മികച്ചതാണ്. ദുബായില്‍ നിങ്ങള്‍ കണ്ടത് ഒരു നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു,' - എന്നും എച്ച്.എ.എല്‍ ചെയര്‍മാന്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉച്ചകോടിക്കിടെയാണ് തേജസ് യുദ്ധവിമാനത്തെ കുറിച്ചുള്ള ചെയര്‍മാന്റെ പ്രതികരണം. എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വിമാനത്തില്‍ ഗവേഷണത്തിനും വികസനത്തിനുമായി വളരെയധികം പരിശ്രമം നടത്തിയിട്ടുണ്ടെന്നും ഇന്ത്യ ഏറ്റവും പുതിയ കഴിവുകളുള്ള ഒരു 4.5 തലമുറ വിമാനം തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് അഭിമാനകരമാണെന്നും എച്ച്.എ.എല്‍ ചെയര്‍മാന്‍ പറഞ്ഞു.
'രാജ്യങ്ങള്‍ സ്വന്തം സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോള്‍, നമ്മള്‍ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഏറ്റവും പുതിയ ശേഷിയുള്ള ഈ 4.5 തലമുറ വിമാനം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. ഇതൊരു മികച്ച വിജയമാണ്, നാമെല്ലാവരും അതില്‍ അഭിമാനിക്കണം. എപ്പോഴും എതിര്‍ക്കുന്നവരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ അത് ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് പോകുന്നതില്‍ നിന്ന് ഞങ്ങളെ തടയില്ല. ഇത് തികച്ചും സുരക്ഷിതമായ ഒരു വിമാനമാണെന്നും തേജസിന്റെ ഭാവിയില്‍ ഈ സംഭവം ഒരു കോട്ടവും ചെലുത്തില്ലെന്നും എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും,' എന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. എച്ച്.എ.എല്ലിന്റെ ആഗോള കയറ്റുമതിയെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ഡികെ സുനില്‍ പറഞ്ഞു.
'നമ്മള്‍ ആഗോളമാകണം എന്നതാണ് സര്‍ക്കാരിന്റെ നയം. ഇന്ത്യാ ഗവണ്‍മെന്റിന്റെയും കമ്പനിയുടെയും ഇടപെടലിന്റെ ഫലമാണ് കയറ്റുമതി. ഞങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ശേഷിയുടെ യുക്തിസഹമായ വിപുലീകരണമാണിത്,' എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ലോ ലെവല്‍ എയറോബാറ്റിക് ഡിസ്പ്ലേയ്ക്കിടെ ദുബായ് എയര്‍ഷോയില്‍ തേജസ് വിമാനം തകര്‍ന്നുവീണ് പൈലറ്റ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ദുബായ് എയര്‍ ഷോയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ തേജസ് മാര്‍ക്ക്-1 വിമാനം നിലത്ത് ഇടിക്കുകയും കറുത്ത പുക ഉയരുകയും ചെയ്യുന്നത് കാണിച്ചു. അടിയന്തര സംഘങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തേക്ക് കുതിച്ചെങ്കിലും വിംഗ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
10 വര്‍ഷം മുമ്പ് തേജസ് ലൈറ്റ് കോംബാറ്റ് വിമാനം വ്യോമസേനയുടെ ഭാഗമായതിനുശേഷം ഇത് രണ്ടാമത്തെ അപകടമായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയ്‌സാല്‍മറിനടുത്ത് നടന്ന അപകടത്തില്‍ പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ഇറങ്ങിയതിനാല്‍ ജീവാപായം സംഭവിച്ചില്ല.