ഡല്‍ഹിയില്‍ പിറ്റ് ബുള്‍ നായയുടെ ആക്രമണത്തില്‍ ആറ് വയസ്സുകാരന്റെ ചെവി നഷ്ടപ്പെട്ടു, ഉടമ അറസ്റ്റില്‍
സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്;
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിറ്റ് ബുള്‍ നായയുടെ ആക്രമണത്തില്‍ ആറ് വയസ്സുകാരന്റെ ചെവി നഷ്ടപ്പെട്ടു. സംഭവത്തില്‍ ഉടമ അറസ്റ്റില്‍. ഞായറാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രേം നഗര്‍ പ്രദേശത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആക്രമണത്തില്‍ വിനയ് എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ വീടിന് പുറത്ത് നടന്ന ഈ ഭയാനകമായ സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കുട്ടി വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. വിനയ് എന്‍ക്ലേവിലെ തന്റെ വീടിന് പുറത്ത് പന്ത് കളിച്ചുകൊണ്ടിക്കുകയായിരുന്നു. പെട്ടെന്ന് അയല്‍വാസിയുടെ വീട്ടിലെ വളര്‍ത്തുനായയായ പിറ്റ് ബുള്‍ റോഡിലേക്ക് ഓടിവരികയും ഒരു പ്രകോപനവും കൂടാതെ കുട്ടിയെ അക്രമിക്കുകയുമായിരുന്നു. പിറ്റ് ബുള്ളിന്റെ ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അവന്റെ വലതു ചെവി നായ കടിച്ചുമുറിച്ചെന്നും പൊലീസ് അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രേം നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം നായയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
'ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 291 (മൃഗങ്ങളോടുള്ള അശ്രദ്ധമായ പെരുമാറ്റം), 125 (ബി) (മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന തരത്തില്‍ അശ്രദ്ധമായ പ്രവൃത്തി) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്, നായയുടെ ഉടമ രാജേഷ് പാല്‍ അറസ്റ്റിലായിട്ടുണ്ട്,' - എന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച ഇരയുടെ മുത്തച്ഛന്‍ കാമേശ്വര്‍ റായ് യെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ:
'ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ എന്റെ ചെറുമകന്‍ കളിക്കുകയായിരുന്നു, ഇതിനിടെ പന്ത് ഉരുണ്ട് നായയെ കെട്ടിയിട്ടിരുന്ന വീട്ടിലേക്ക് പോയി. പിന്നെ എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്.'
അയല്‍ക്കാരന്റെ നായ പെട്ടെന്ന് ഉടമയുടെ കൈകളില്‍ നിന്ന് രക്ഷപ്പെടുകയും കുട്ടിയെ ആക്രമിക്കുകയും ചെയ്തു, എന്നാല്‍ ഉടമയ്ക്ക് അതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ ചെറുമകന്റെ തലയുടെ പിന്‍ഭാഗത്ത് എട്ട് മുതല്‍ പത്ത് വരെ ആഴത്തിലുള്ള കടിയേറ്റ പാടുകള്‍ ഉണ്ടായിട്ടുണ്ടെന്നും വലതു ചെവി മുഴുവന്‍ മുറിഞ്ഞുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആക്രമണത്തില്‍ പല്ലുകള്‍ പൊഴിയുകയും, മുഖത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഭാഗ്യവശാല്‍, സംസാരിക്കാന്‍ കഴിയുന്നുണ്ട്. അക്രമം കണ്ട് തെരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ നായയെ വലിച്ചിഴച്ച് കുട്ടിയെ രക്ഷപ്പെടുത്തി,' - എന്നും അദ്ദേഹം പറഞ്ഞു.
ഇതേ നായ മുമ്പ് പ്രദേശത്തെ മറ്റ് നാല് കുട്ടികളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. 'സംഭവത്തിന് പിന്നാലെ ഞങ്ങള്‍ പൊലീസില്‍ പരാതിപ്പെടുകയും എല്ലാവരുടെയും സുരക്ഷയ്ക്കായി നായയെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല,' എന്നും റായ് ആരോപിച്ചു.
ദൃക്സാക്ഷിയായ സതീഷ് കുമാര്‍ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
സംഭവം നടന്നത് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ്. 'എന്റെ കടയില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് ഒരു നായ ഓടുന്നത് കണ്ടു. നായ കുട്ടിയുടെ മുഖത്ത് പിടിച്ചു, സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ കൂടി ഓടിയെത്തുകയും രണ്ടുപേരും കൂടി നായയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ അത് കുട്ടിയെ വിട്ടയച്ചു,' അദ്ദേഹം പറഞ്ഞു.
നായ പിടിവിട്ടതോടെ കുട്ടിഭയന്ന് ഓടാന്‍ തുടങ്ങിയെന്നും ചെവിയില്‍ നിന്ന് രക്തം വാര്‍ന്നൊലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അവന്റെ ചെവി പൂര്‍ണ്ണമായും മുറിഞ്ഞുപോയിരുന്നു. കുട്ടി പരിഭ്രാന്തനായി സ്വയം രക്ഷയ്ക്കായി ഓടുകയായിരുന്നു, മുറിഞ്ഞുപോയ ചെവി കൈയില്‍ പിടിച്ചുകൊണ്ട് ഞാന്‍ അവന്റെ പിന്നാലെ ഓടി, കാരണം അവന് അത് പൂര്‍ണ്ണമായും നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല,' എന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍, രാജേഷ് പാലിന്റെ മകന്‍ സച്ചിന്‍ പാല്‍ ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് നായയെ വീട്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം നിലവില്‍ ഒരു കൊലപാതകശ്രമക്കേസില്‍ ജയിലിലാണ്.
കുട്ടിയുടെ മെഡിക്കല്‍ രേഖകള്‍ ശേഖരിച്ചതായും സംഭവത്തില്‍ കീര്‍ത്തി നഗറിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇരയുടെ പിതാവ് ദിനേശിന്റെ (32) മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പരാതിയുടെയും മെഡിക്കല്‍ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍, പ്രേം നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നായയുടെ ഉടമയായ രാജേഷ് പാലി(50)നെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുകയാണ്.
രോഹിണിയിലെ ബി.എസ്.എ ആശുപത്രിയിലേക്കാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. പിന്നീട് സഫ് ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ അവിടെ ചികിത്സയില്‍ കഴിയുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.