തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദത്തില്‍ മായം ചേര്‍ത്ത കേസ്: ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്;

Update: 2025-11-28 08:31 GMT

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) ലഡ്ഡു നിര്‍മാണത്തിനുപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ ക്ഷേത്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദത്തില്‍ മായം ചേര്‍ത്ത കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) നേതൃത്വത്തിലുള്ള എസ്.ഐ.ടി ടിടിഡി എഞ്ചിനീയറിംഗ് വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്.വിആര്‍ സുബ്രഹ്‌മണ്യത്തെ ആണ് അറസ്റ്റ് ചെയ്തത്.

സുബ്രഹ്‌മണ്യം മുമ്പ് ടിടിഡിയില്‍ ജനറല്‍ മാനേജരായി (സംഭരണം) സേവനമനുഷ്ഠിച്ചിരുന്നു. ലഡു തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യ് ഉള്‍പ്പെടെയുള്ള പ്രധാന വസ്തുക്കള്‍ സംഭരിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു വെന്ന് എസ്.ഐ.ടി അംഗവും ഗുണ്ടൂര്‍ റേഞ്ച് ഐജിയുമായ സര്‍വശ്രേഷ്ഠി ത്രിപാഠി പറഞ്ഞു.

അറസ്റ്റു ചെയ്ത് എസിബി കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ 29-ാമത്തെ പ്രതിയാണ് അദ്ദേഹം. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ ഒമ്പത് പേര്‍ ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ആദ്യത്തെ ടിടിഡി ഉദ്യോഗസ്ഥനാണ് അദ്ദേഹം.

നെയ്യ് നിര്‍മ്മാണ യൂണിറ്റുകള്‍ പരിശോധിക്കുന്ന സാങ്കേതിക സംഘത്തില്‍ സുബ്രഹ്‌മണ്യവും ഉണ്ടായിരുന്നു. സ്വകാര്യ വിതരണക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി അദ്ദേഹം യൂണിറ്റുകള്‍ പരിശോധിക്കുകയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. ചില പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ടിടിഡിയുടെ മുന്‍ ചെയര്‍മാനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ വൈ വി സുബ്ബ റെഡ്ഡിയെ അടുത്തിടെ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലഡു നിര്‍മ്മിക്കാന്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

നെയ്യ് സംഭരണം, വിതരണക്കാരുടെ പരിശോധന, ഗുണനിലവാര നിയന്ത്രണ നടപടികള്‍ എന്നിവയിലെ വീഴ്ചകളെക്കുറിച്ച് മുന്‍ ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിയെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.

2022 ല്‍ ടിടിഡി കരിമ്പട്ടികയില്‍ പെടുത്തിയ ഭോലെ ബാബ ഡയറി പ്രോക്‌സി സ്ഥാപനങ്ങള്‍ വഴി നെയ്യ് വിതരണം ചെയ്യുന്നത് എങ്ങനെയെന്നും അന്വേഷണ സംഘം അദ്ദേഹത്തോട് ചോദിച്ചിരുന്നു.

2019 നും 2024 നും ഇടയില്‍ ഏകദേശം 20 കോടി ലഡുകള്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ച് നിര്‍മ്മിച്ചതായി എസ്ഐടി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ കാലയളവില്‍ ഉല്‍പ്പാദിപ്പിച്ച ആകെ 48.76 കോടി ലഡുകളില്‍ ഏകദേശം 40 ശതമാനത്തിലും പാം ഓയില്‍, പാം കേര്‍ണല്‍ ഓയില്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.

ഭോലെ ബാബ ഡയറിയിലേക്ക് വിവിധ രാസവസ്തുക്കള്‍ വിതരണം ചെയ്ത അജയ് കുമാര്‍ സുഗന്ധ് എന്നയാളെ എസ്ഐടി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി ഒരു തുള്ളി പാലോ വെണ്ണയോ പോലും എവിടെ നിന്നും സംഭരിച്ചിട്ടില്ലെന്നും, 2019 നും 2024 നും ഇടയില്‍ നെല്ലൂര്‍ ആസ്ഥാനമായുള്ള വൈഷ്ണവി ഡയറി, മഹാരാഷ്ട്ര ആസ്ഥാനമായുള്ള മാല്‍ ഗംഗാ ഡയറി, തമിഴ്നാട് ആസ്ഥാനമായുള്ള എആര്‍ ഡയറി എന്നിവയുള്‍പ്പെടെയുള്ള അതിന്റെ പ്രോക്‌സികള്‍ വഴി 68 ലക്ഷം കിലോ നെയ്യ് ടിടിഡിക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞതായും എസ്ഐടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഭോലെ ബാബ ഡയറിയുടെ പ്രമോട്ടര്‍മാര്‍ ഒരു സമ്പൂര്‍ണ്ണ വ്യാജ ദേശി നെയ്യ് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുകയും ലഡ്ഡു പ്രസാദം തയ്യാറാക്കുന്നതിനായി ടിടിഡിക്ക് 250 കോടി രൂപ വിലമതിക്കുന്ന 68 ലക്ഷം കിലോ വ്യാജ നെയ്യ് വിതരണം ചെയ്യുകയും ചെയ്തു.

സുബ്ബ റെഡ്ഡിയുടെ അടുത്ത സഹായിയായ കെ ചിന്ന അപ്പണ്ണയെ എസ്.ഐ.ടി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തു. 2014 മുതല്‍ 2024 വരെ സുബ്ബ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച അപ്പണ്ണ, യോഗ്യതയില്ലാത്ത ക്ഷീരകര്‍ഷകര്‍ക്ക് കരാര്‍ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.

തെലുങ്കുദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 2024 ജൂണില്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ആരോപിക്കപ്പെടുന്ന ലഡു കുംഭകോണം പുറത്തുവന്നത്. സെപ്റ്റംബറില്‍, കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍വാശ്രേഷ്ഠ ത്രിപാഠിയുടെ നേതൃത്വത്തില്‍ ഒരു എസ്.ഐ.ടി രൂപീകരിച്ചു.

എന്നിരുന്നാലും, സംസ്ഥാന സര്‍ക്കാര്‍ എസ്.ഐ.ടിയുടെ രൂപീകരണത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍, 2024 ഒക്ടോബറില്‍ സുപ്രീം കോടതി സംസ്ഥാനം നിയോഗിച്ച എസ്.ഐ.ടിക്ക് പകരമായി പുതിയതും സ്വതന്ത്രവുമായ അഞ്ച് അംഗ എസ്.ഐ.ടി രൂപീകരിക്കാന്‍ ഉത്തരവിട്ടു.

സുപ്രീം കോടതി നിയോഗിച്ച എസ്.ഐ.ടിയില്‍ രണ്ട് സിബിഐ ഉദ്യോഗസ്ഥരും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എഫ്എസ്എസ്എഐ) നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

Similar News