ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവ വേദന കൊണ്ട് പുളഞ്ഞ യുവതിക്ക് രക്ഷകരായി ഒരു കൂട്ടം സ്ത്രീകള്‍; വീഡിയോ വൈറല്‍

എട്ടര ലക്ഷത്തോളം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞത്;

Update: 2025-11-24 11:31 GMT

ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവ വേദന കൊണ്ട് പുളഞ്ഞ യുവതിക്ക് രക്ഷകരായി യാത്രക്കാരായ ഒരു കൂട്ടം സ്ത്രീകള്‍. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എട്ടര ലക്ഷത്തോളം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞത്. 'ട്രെയിനില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയെ സഹായിച്ച് ഒരു കുഞ്ഞ് രാജ്ഞിയെ പ്രസവിച്ച ഇന്ത്യക്കാരുടെ നന്മ. ഒരു ഡോക്ടറുമില്ലാതെ ട്രെയിനില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് ഒരു അത്ഭുതമാണ്' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

വൈദ്യസഹായമൊന്നും ലഭ്യമല്ലാതിരുന്നിട്ടും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ആ അമ്മ ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിനെ തന്നെ പ്രസവിച്ചു. അതിന് സഹായിച്ചതാകട്ടെ കൂടെ യാത്ര ചെയ്തിരുന്ന ഒരു കൂട്ടം നന്മ നിറഞ്ഞ സ്ത്രീകളും.

എന്നാല്‍ ഏത് ട്രെയിനില്‍ എപ്പോ എവിടെ വച്ചാണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ പറയുന്നില്ല. വീഡിയോയില്‍ ഓടുന്ന ട്രെയിനില്‍ ഒരു കൂട്ടം സ്ത്രീകളുടെ കൈകളില്‍ മാറി മാറി കിടക്കുന്ന തുണിയില്‍ പൊതിഞ്ഞ ഒരു കൊച്ചു കുഞ്ഞിനെ കാണാം. അവള്‍ കണ്ണുതുറക്കാന്‍ പാടുപെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒരു യാത്രക്കാരി കൈകളില്‍ പിടിച്ചിരിക്കുന്ന നവജാത ശിശുവിനെ അമ്മയ്ക്ക് കാണിച്ച് കൊടുക്കുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. കോച്ചിലുള്ള എല്ലാവരും സന്തോഷത്തോടെ ആ നിമിഷത്തെ ആഘോഷിക്കുന്നതും കാണാം. ചില യാത്രക്കാര്‍ കുട്ടിയുടെ ഫോട്ടോ എടുക്കുന്നു. മറ്റ് ചിലര്‍ തങ്ങളുടെ കൈകളിലേക്ക് കുട്ടിയെ ഏറ്റുവാങ്ങുന്നു. വീഡിയോ കണ്ട് നിരവധി പേരാണ് ഇന്ത്യന്‍ സ്ത്രീകളുടെ ധൈര്യത്തെയും ഹൃദയശുദ്ധിയേയും പ്രശംസിച്ച് രംഗത്തെത്തിയത്.

Similar News