ഡല്‍ഹിയില്‍ ഹല്‍ദി ചടങ്ങിനിടെ ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് വരനും വധുവിനും പൊള്ളലേറ്റു
സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി വീഡിയോ പങ്കുവച്ച് ദമ്പതികള്‍;
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹല്‍ദി ചടങ്ങിനിടെ ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് വരനും വധുവിനും പൊള്ളലേറ്റു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഡാന്‍സും പാട്ടുമൊക്കെയായി അടിച്ചുപൊളിക്കുന്നതിനിടെയാണ് സംഭവം.
അതുല്യമായ അലങ്കാരങ്ങളായിരിക്കേണ്ട ഹൈഡ്രജന്‍ ബലൂണുകള്‍ ദമ്പതികളുടെ സ്‌റ്റേജിലേക്കുള്ള പ്രവേശനത്തിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രചരിക്കുന്ന ക്ലിപ്പില്‍ ദമ്പതികള്‍ ബലൂണുകള്‍ കയ്യില്‍ പിടിച്ച് വേദിയിലേക്ക് പ്രവേശിക്കുന്നത് കാണാം. ഇതിനിടെ ബലൂണുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കളര്‍ ഗണ്ണുകളില്‍ ഒന്നിന്റെ ചൂട് കാരണം, ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും ദമ്പതികള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എങ്കിലും ചടങ്ങുകള്‍ തടസമില്ലാതെ നടന്നു.
അപകടത്തില്‍ വധുവിന്റെ മുഖത്തും പുറകിലും പൊള്ളലേറ്റതായും വരന്റെ വിരലുകളിലും പുറകിലും പൊള്ളലേറ്റതായും മുടി കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ദമ്പതികള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. പിന്നീട് നീക്കം ചെയ്തുവെങ്കിലും 'സ്പ്രീഡിംഗ് സീരീസ്' എന്ന ഹാന്‍ഡില്‍ യൂട്യൂബില്‍ പങ്കിട്ടു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസം ഇത്രയും വലിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ദമ്പതികള്‍ വീഡിയോയില്‍ പറയുന്നത്. മേക്കപ്പ് വച്ച് പൊള്ളലേറ്റ ഭാഗം മറയ്‌ക്കേണ്ടി വന്നുവെന്നും കത്തിപ്പോയ മുടി മുറിച്ചു മാറ്റേണ്ടി വന്നുവെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ അനുഭവം മറ്റുള്ളവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്, സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകരുത് എന്നും ഇവര്‍ പറയുന്നു.
ഇത് ആദ്യമായിട്ടല്ല ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിക്കുന്നത്. നേരത്തെയും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. എന്തായാലും, വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ അതേ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് ഈ അനുഭവം കാണിക്കുന്നത്.
ദമ്പതികള്‍ പങ്കിട്ട വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'ഹല്‍ദി ചടങ്ങിനിടെ ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വധുവിനും വരനും പൊള്ളലേറ്റു,' 'ദമ്പതികളുടെ പ്രവേശന സമയത്ത് ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഒരു ഹല്‍ദി ചടങ്ങ് തന്നെ കുഴപ്പത്തിലായി, വധൂവരന്മാര്‍ക്ക് പൊള്ളലേറ്റു,' എന്നും പറയുന്നുണ്ട്.