EMPURAAN | വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; സൈബര്‍ ആക്രമണം അടക്കം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം; തള്ളി അധ്യക്ഷന്‍

Update: 2025-04-01 07:25 GMT

ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിലെ എ.എ റഹീം എംപി രാജ്യസഭ അധ്യക്ഷന് നോട്ടീസ് നല്‍കി. ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിഷയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ചട്ടം 267 പ്രകാരം നടപടികള്‍ നിര്‍ത്തിവെച്ച് സംവിധായകന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണം അടക്കം ഉള്‍പ്പെടുത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.

മലയാള സിനിമ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖരായവര്‍ അഭിനയിച്ച ചിത്രമാണ് എമ്പുരാന്‍. എന്നാല്‍ അവര്‍ക്ക് പോലും ഒരുഘട്ടത്തില്‍ ഭയന്ന് മാപ്പ് പറയാന്‍ നിര്‍ബന്ധിതരാകേണ്ട സാഹചര്യമാണെന്നും എ.എ. റഹീം പറഞ്ഞു. എന്നാല്‍ റഹീമിന്റെ ആവശ്യം അധ്യക്ഷന്‍ ജഗദീപ് ധന്‍കാര്‍ തള്ളി. 

സിപിഎം എംപിമാരായ എ എ റഹീം, ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാര്‍ എന്നിവരാണ് രാജ്യസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ആവശ്യം അധ്യക്ഷന്‍ തള്ളിയതോടെ എംപിമാര്‍ വാക്കൗട്ട് നടത്തി.

അതിനിടെ എമ്പുരാന്‍ റീ എഡിറ്റഡ് വേര്‍ഷന്‍ വൈകാതെ തിയറ്ററുകളിലെത്തും. ആദ്യ സെന്‍സര്‍ കോപ്പിയിലെ 2 മിനിറ്റ് 8 സെക്കന്‍ഡ് രംഗം വെട്ടി മാറ്റിയാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കുന്നത്. തിരക്കഥാകൃത്ത് അടക്കമുള്ള അണിയറ പ്രവര്‍ത്തകരുടെ അതൃപ്തിക്കിടയിലാണ് എമ്പുരാന്‍ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഗര്‍ഭിണിയെ പീഡിപ്പിക്കുന്ന രംഗം ഒഴിവാക്കിയിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡ് വെട്ടി മാറ്റിയുമാണ് റി എഡിറ്റിങ് എന്നാണ് പുറത്തുവരുന്ന വിവരം.

വിവാദങ്ങള്‍ക്കിടയിലും സിനിമ ഇതുവരെ 200 കോടിയിലധികം കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എഡിറ്റ് ചെയ്യുന്നതിന് മുന്‍പേ സിനിമ കാണാനായി വലിയ തിരക്കാണ് കഴിഞ്ഞ രണ്ടുദിവസങ്ങലിലായി തിയറ്ററുകളില്‍ അനുഭവപ്പെട്ടത്.

അതേസമയം പൃഥ്വിരാജിനും മോഹന്‍ലാലിനും പിന്തുണയുമായി രാഷ്ട്രീയ സിനിമാരംഗത്തെ നിരവധി പേര്‍ രംഗത്തെത്തി. താരങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹം ആണെന്നും എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി. എന്നാല്‍ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിനിമയെ പിന്തുണച്ച് മന്ത്രിമാരടക്കം നിരവധി പേര്‍ രംഗത്തെത്തി. എമ്പുരാന്റെ പേരില്‍ സംവിധായകന്‍ മേജര്‍ രവിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തിയത്. എമ്പുരാന്റെ വിവാദങ്ങള്‍ക്ക് പിന്നാലെ മേജര്‍ രവി നടത്തിയത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമര്‍ശനം.

ആദ്യം സിനിമയെ വാതോരാതെ പുകഴ്ത്തുകയും പിന്നീട് വിമര്‍ശിക്കുകയും ചെയ്തതാണ് ഇവരെ ചൊടിപ്പിച്ചത്. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് മേജര്‍ രവിക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Similar News