നവി മുംബൈയിലെ ഫ് ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം; മരിച്ചവരില്‍ 6 വയസുള്ള കുട്ടിയും

പത്തോളം പേര്‍ക്ക് പരിക്കേറ്റു;

Update: 2025-10-21 07:46 GMT

മുംബൈ: നവി മുംബൈയിലെ ഫ് ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നവി മുംബൈയിലെ വാഷി സെക്ടര്‍ 14-ലെ രാഹേജ റെസിഡന്‍സിയില്‍ ആണ് വന്‍ തീപ്പിടുത്തം ഉണ്ടായത്. മരിച്ച മൂന്നുപേരും തിരുവന്തപുരം സ്വദേശികളാണ്.

ഇതില്‍ ആറു വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വേദിക സുന്ദര്‍ ബാലകൃഷ്ണന്‍(6), മാതാപിതാക്കളായ സുന്ദര്‍ ബാലകൃഷ്ണന്‍(44), പൂജ രാജന്‍(39), കമല ഹിരല്‍ ജയിന്‍ (84) എന്നിവരാണ് മരിച്ചത്. തീപിടിത്തം രാവിലെ 12:40ന് പത്താം നിലയില്‍ ആണ് ആദ്യം ഉണ്ടായത്, പിന്നീട് 11, 12 നിലകളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. ഏകദേശം 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ ഉടന്‍ തന്നെ വാഷി, നെറൂള്‍, ഐറോലി, കോപര്‍ഖൈരാണെ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനകള്‍ സ്ഥലത്തെത്തി രാവിലെ 4 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.

പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 15 വയസ്സുകാരന്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നവി മുംബൈയില്‍ സമകാലികമായി നടന്ന മറ്റ് തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ താമസ സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും അഗ്‌നി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

Similar News