പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാ വീഴ്ച; മരം കയറിയും മതില്‍ ചാടിക്കടന്നും അകത്തുകയറിയ ആള്‍ പിടിയില്‍

പാര്‍ലമെന്റ് സുരക്ഷാ വിഭാഗം, സി.ഐ.എസ്.എഫ്, ഐബി, കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്;

Update: 2025-08-22 06:50 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാ വീഴ്ച. മരം കയറിയും മതില്‍ ചാടിക്കടന്നും അകത്തുകയറിയ ആള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളിയാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം. റെയില്‍ ഭവന്‍ ഭാഗത്തുനിന്ന് മതില്‍ ചാടിക്കടന്ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഗരുഡ് ദ്വാരത്തിലെത്തിയപ്പോഴാണ് സംഭവം സമുച്ചയത്തിനുള്ളില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ നുഴഞ്ഞുകയറ്റക്കാരനെ പിടികൂടി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും ഗുജറാത്തിലെ ഒരു കടയില്‍ ജോലി ചെയ്യുകയാണെന്നുമാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കസ്റ്റഡിയിലെടുത്ത സമയത്ത് ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നുവെന്നും പരസ്പരം ബന്ധമില്ലാതെ സംസാരിച്ചിരുന്നുവെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിക്രമിച്ചുകയറിയ ആളെ ലോക്കല്‍ പൊലീസിന് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ പാര്‍ലമെന്റ് സുരക്ഷാ വിഭാഗം, സി.ഐ.എസ്.എഫ്, ഐബി, കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം കഴിഞ്ഞദിവസമാണ് കഴിഞ്ഞത്. പിന്നാലെയാണ് വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. സംഭവ സമയത്ത് ഒരു പാര്‍ലമെന്റ് അംഗവും അവിടെ ഉണ്ടായിരുന്നില്ല.

2023 ഡിസംബര്‍ 13 നും പാര്‍ലമെന്റില്‍ ഇത്തരത്തിലൊരു വന്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍, രണ്ട് പേര്‍ പൊതു ഗാലറിയില്‍ നിന്ന് ലോക്‌സഭാ ചേംബറിലേക്ക് ചാടി മഞ്ഞ നിറത്തിലുള്ള പുക പുറപ്പെടുവിക്കുന്ന കാനിസ്റ്ററുകള്‍ തുറന്നുവിടുകയായിരുന്നു. സംഭവം എംപിമാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മനോരഞ്ജന്‍ ഡി, സാഗര്‍ ശര്‍മ്മ, അമോല്‍ ധനരാജ് ഷിന്‍ഡെ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നീ ആറ് പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ അറസ്റ്റിലായ നീലം ആസാദിനും മഹേഷ് കുമാവതിനും ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞവര്‍ഷവും സമാനമായ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. 20 വയസിനടുത്ത് പ്രായമുള്ള ഒരാള്‍ പാര്‍ലമെന്റിന്റെ മതില്‍ കയറി അനക്‌സ് കെട്ടിട വളപ്പിലേക്ക് ചാടിക്കടക്കുകയായിരുന്നു. സംഭവത്തിന്റേതെന്ന് കരുതുന്ന ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഷോട് സും ടീ ഷര്‍ട്ടും ധരിച്ച പ്രതിയെ സായുധരായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. പരിശോധനയില്‍ ഇയാളില്‍ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Similar News