മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അംഗത്വം നല്‍കി;
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ കണ്ണന്‍ ഗോപിനാഥന്‍ തിങ്കളാഴ്ച രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തുവച്ചാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി. കനയ്യ കുമാര്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് മലയാളി കൂടിയായ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
കണ്ണന്‍ ഗോപിനാഥന്‍ ധൈര്യശാലിയായ ഉദ്യോഗസ്ഥനാണെന്നും നീതിക്കായി കണ്ണന്‍ വാദിച്ചുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നീതിക്കായി പോരാടുന്ന ഒരേയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് കണ്ണന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. വിഭജന അജണ്ടകള്‍ക്കെതിരെയാണ് കണ്ണന്റെ പോരാട്ടമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
തെറ്റുകള്‍ക്കെതിരെയായിരുന്നു തന്റെ യുദ്ധമെന്നും ഐ എ എസ് പദവി രാജിവച്ചത് എംഎല്‍എയാകാനല്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചു, കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ദേശദ്രോഹിയായി ചിത്രീകരിക്കുകയാണ്. രാജ്യം ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ല. അനീതി കണ്ടാല്‍ പ്രതികരിക്കും. രാജ്യത്തെ സേവിക്കാന്‍ കോണ്‍ഗ്രസിലെ അവസരം വിനിയോഗിക്കുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
പൗരന്മാരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും പ്രവര്‍ത്തന മേഖല എവിടെയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തല്‍ ശബ്ദമാകാന്‍ കോണ്‍ഗ്രസിനെ വേദിയാക്കുമെന്നും ദേശീയ തലത്തിലോ കേരളത്തിലോ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ താന്‍ തുറന്ന് കാട്ടിയപ്പോള്‍ ഭീഷണിപ്പെടുത്തി തന്നെ നിശബ്ദനാക്കാന്‍ നോക്കി. കേസുകളെടുത്ത് സമ്മര്‍ദ്ദത്തിലാക്കി. ഭീഷണികളെ തുടര്‍ന്നും ഭയപ്പെടില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.