നിബന്ധനകള്‍ പാലിക്കുന്നില്ല; അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് രംഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കമ്മിഷന്റെ നടപടി;

Update: 2025-08-09 10:36 GMT

ന്യൂഡല്‍ഹി: രജിസ്ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്നും ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ളവയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍. 2019 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഒരു തെരഞ്ഞെടുപ്പില്‍ പോലും ഈ പാര്‍ട്ടികള്‍ മല്‍സരിച്ചിട്ടില്ലെന്നും ഈ പാര്‍ട്ടികളുടെ ആസ്ഥാനത്തിന് മേല്‍വിലാസങ്ങള്‍ ഇല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് രംഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കമ്മിഷന്റെ നടപടി. രജിസ്ട്രേഷന്‍ റദ്ദാക്കിയതോടെ ഈ പാര്‍ട്ടികളെ ഇനി രാഷ്ട്രീയ പാര്‍ട്ടികളായി കാണില്ല. ഈ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരുന്ന ആദായനികുതി ഇളവ് അടക്കമുള്ള ആനൂകൂല്യം ലഭിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍, ചില ആര്‍യുപിപികള്‍ ആദായനികുതി നിയമങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമവും ലംഘിക്കുന്നതായി കണ്ടിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 എയിലെ വ്യവസ്ഥകള്‍ പ്രകാരം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ (ദേശീയ/സംസ്ഥാന/ആര്‍യുപിപികള്‍) ഇസിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ പ്രകാരം, ഒരിക്കല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത ഏതൊരു സംഘടനയ്ക്കും നികുതി ഇളവുകള്‍ പോലുള്ള ചില പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.

സംസ്ഥാനത്തുനിന്ന് ഏഴ് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള(ബോള്‍ഷെവിക്), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്യുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നേതാജി ആദര്‍ശ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്യുലര്‍, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയാണ് അവ.

രജിസ്റ്റര്‍ ചെയ്ത 2854 പാര്‍ട്ടികളില്‍ നിന്ന് 334 പാര്‍ട്ടികളെ ഒഴിവാക്കിയതോടെ രാജ്യത്തെ അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം 2520 ആയി. ഇവയ്ക്കു പുറമേ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും രാജ്യത്തുണ്ട്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബി.എസ്.പി, എഎപി, എന്‍പിപി എന്നിവയാണ് ദേശീയ പാര്‍ട്ടികള്‍. കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം, മുസ്ലീലീഗ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ സംസ്ഥാന പാര്‍ട്ടികളുടെ പട്ടികയിലാണ്.

ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം. പട്ടികയില്‍ നിന്ന് നീക്കം ചെയ്ത പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയില്ല.

Similar News