'ജയിലിലായാല്‍ പുറത്ത്'; പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ലോക് സഭയില്‍ ബില്‍ അവതരിപ്പിച്ച് അമിത് ഷാ

തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു;

Update: 2025-08-20 10:43 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നീക്കം ചെയ്യുന്നതിനുള്ള ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ബുധനാഴ്ച ലോക്സഭയില്‍ മൂന്ന് ബില്ലുകള്‍ ആണ് അവതരിപ്പിച്ചത്. ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബില്‍ 2025, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സര്‍ക്കാര്‍ (ഭേദഗതി) ബില്‍ 2025, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2025 എന്നിവയാണ് അവതരിപ്പിച്ചത്.

എന്നാല്‍ ഈ ബില്ലുകളുടെ പകര്‍പ്പുകള്‍ കീറി പ്രതിപക്ഷം അമിത് ഷായ്ക്ക് നേരെ എറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചകഴിഞ്ഞ് 3 മണി വരെ പിരിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസിയും ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്ന ബില്ലാണ്. നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു.

ബില്ല് അംഗങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബില്‍ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ ചട്ടപ്രകാരമാണ് എന്നായിരുന്നു അമിത് ഷായുടെ വിശദീകരണം. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ബില്‍ അവതരണത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ലോക്‌സഭയില്‍ അരങ്ങേറിയത്. ബില്‍ അവതരണത്തിനിടെ സഭയില്‍ കയ്യാങ്കളി വരെയെത്തി.

അമിത് ഷാ മുന്‍പ് അറസ്റ്റിലായിട്ടുണ്ടെന്നും രാജിവയ്ക്കുമോയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കേസെടുത്തപ്പോള്‍ രാജിവച്ചെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. തന്നെ കുറ്റവിമുക്തനാക്കും വരെ ഒരു പദവിയും ഏറ്റെടുത്തില്ലെന്നും അമിത് ഷാ മറുപടി നല്‍കി.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. 'നാളെ, നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം. ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലില്‍ ഇടാം. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താക്കാം. ഇതു തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിര്‍ഭാഗ്യകരവുമാണ്' പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം. രാജ്യത്ത് പൊലീസ് രാജ് നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഒവൈസി പറഞ്ഞു.

'ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2025, കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റ് (ഭേദഗതി) ബില്‍ 2025, ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബില്‍ 2025 എന്നിവ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നു' എന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. അധികാര വിഭജന തത്വത്തെ ഇത് ലംഘിക്കുകയും ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അധികാരത്തിന്റെ അവകാശത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

ദുര്‍ബലമായ ആരോപണങ്ങളുടെയും സംശയങ്ങളുടെയും അടിസ്ഥാനത്തില്‍ ജഡ്ജിയും ആരാച്ചാരുമാകാന്‍ എക്‌സിക്യൂട്ടീവ് ഏജന്‍സികള്‍ക്ക് സ്വതന്ത്രമായ അവസരം ബില്‍ നല്‍കുന്നു. ഈ സര്‍ക്കാര്‍ ഒരു പൊലീസ് രാഷ്ട്രം സൃഷ്ടിക്കാന്‍ ഉറച്ചുനില്‍ക്കുന്നു. ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ എറിഞ്ഞ മരണ ആണിയായിരിക്കും. ഈ രാജ്യത്തെ ഒരു പോലീസ് രാഷ്ട്രമാക്കി മാറ്റാന്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നു.' എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബില്‍ 2025, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി 30 ദിവസം അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയെയോ ഒരു കേന്ദ്ര മന്ത്രിയെയോ ഒരു മുഖ്യമന്ത്രിയെയോ ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണ പ്രദേശത്തിന്റെയോ മന്ത്രിയെയോ നീക്കം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇവരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്ത് 30 ദിവസം കസ്റ്റഡിയില്‍ വെച്ചാല്‍, 31-ാം ദിവസം മന്ത്രിമാര്‍ക്ക് ജോലി നഷ്ടപ്പെടും.

എന്നിരുന്നാലും, നിര്‍ദ്ദിഷ്ട ബില്‍ അനുസരിച്ച്, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുന്ന ഒരു മന്ത്രിയെ നീക്കം ചെയ്യുന്നതിന് ഭരണഘടനയില്‍ ഒരു വ്യവസ്ഥയുമില്ല. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, പ്രധാനമന്ത്രിയെയോ കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രിയെയോ, സംസ്ഥാന മന്ത്രിമാരുടെ കൗണ്‍സിലിലെയും ഡല്‍ഹിയിലെയും മുഖ്യമന്ത്രിയെയോ ദേശീയ തലസ്ഥാന പ്രദേശത്തെ മന്ത്രിയെയോ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നല്‍കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.'

മറ്റ് രണ്ട് ബില്ലുകള്‍ പുതുച്ചേരി, ജമ്മു, കാശ്മീര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നീക്കം ചെയ്യുന്ന പ്രക്രിയയെ നിര്‍വചിക്കുന്നു.

Similar News