കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമം; അഭിഭാഷകന്‍ കസ്റ്റഡിയില്‍

ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം;

Update: 2025-10-06 10:21 GMT

ന്യൂഡല്‍ഹി: കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ കസ്റ്റഡിയിലെത്ത് പൊലീസ്. തിങ്കളാഴ്ച രാവിലെ കോടതിമുറിക്കുള്ളിലാണ് സംഭവം. 71 കാരനായ അഭിഭാഷകന്‍ ആണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

1-ാം നമ്പര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെ രാവിലെ 11:35 ഓടെ അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ആണ് തന്റെ സ്പോര്‍ട്സ് ഷൂ പുറത്തെടുത്ത് ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിയാന്‍ ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

'സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടികൂടി സുപ്രീം കോടതിയുടെ സുരക്ഷാ യൂണിറ്റിന് കൈമാറി. മയൂര്‍ വിഹാര്‍ പ്രദേശത്തെ താമസക്കാരനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ രജിസ്റ്റര്‍ ചെയ്ത അംഗവുമാണ് പ്രസ്തുത അഭിഭാഷകന്‍' എന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തില്‍ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സെപ്റ്റംബര്‍ 16 ന് നടത്തിയ പരാമര്‍ശങ്ങളാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവത്തിന് പിന്നാലെ അസ്വസ്ഥനായി കാണപ്പെട്ട ചീഫ് ജസ്റ്റിസ് ഗവായി അഭിഭാഷകരോട് നടപടികള്‍ തുടരാന്‍ ആവശ്യപ്പെട്ടു.

കേസുകള്‍ പരിഗണിക്കുന്നതിനിടെ സനാതനധര്‍മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്ന് അഭിഭാഷകന്‍ ആരോപിച്ചു. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരിലാണ് ഷൂ എറിയാന്‍ ശ്രമിച്ചതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കോടതിയില്‍ നിന്ന് പുറത്താക്കുമ്പോള്‍, അഭിഭാഷകന്‍ 'സനാതന്‍ ധര്‍മ്മ കാ അപ്മാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍' എന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

നിലവില്‍ ഡല്‍ഹി പൊലീസിന്റെ സുരക്ഷാ വിഭാഗം നല്‍കുന്ന ഇസഡ് പ്ലസ് സുരക്ഷയാണ് ചീഫ് ജസ്റ്റിസ് ഗവായിക്ക് നല്‍കുന്നത്.

Similar News