നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നും കോടതി;

Update: 2025-04-07 06:59 GMT
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി
  • whatsapp icon

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നുമാണ് കോടതിയുടെ നിരീക്ഷണം.

നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയത്. സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

കേസില്‍ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പള്‍സര്‍ സുനിയുടെ ആവശ്യവും നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി പറഞ്ഞു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ നേരത്തെ ദിലീപ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

Similar News