താറുമാറായി ട്രെയിൻ ഗതാഗതം : കാസർകോട്ട് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകി
നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് വൈകി ഓടുന്നത്.;
കാസർകോട്: കനത്ത മഴയിലും കാറ്റിലും കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. കാസർകോട് എത്തേണ്ട ട്രെയിനുകൾ നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് വൈകി ഓടുന്നത്. ട്രെയിനുകൾ വൈകിയതോടെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാരും ദീർഘ ദൂര യാത്രക്കാരും പെരുവഴിയിലായി. പുലർച്ചെ 2:49 ന് കാസർകോട് എത്തേണ്ട തിരുവനന്തപുരം സെൻട്രൽ - പനവേൽ എക്സ്പ്രസ് ആറര മണിക്കൂറിലധികം വൈകി 9:30 നാണ് എത്തിയത്. രാവിലെ 6: 38 ന് എത്തേണ്ട തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രപ്രസ് അഞ്ച് മണിക്കൂറാണ് വൈകി ഓടുന്നത്. രാവിലെ 6 മണിക്ക് കാസർകോട് എത്തേണ്ട ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി 9 മണിക്കാണ് എത്തിയത്. രാവിലെ 8:23 ന് എത്തേണ്ട തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്സും അഞ്ച് മണിക്കൂറാണ് വൈകിയത്. മംഗളൂരു ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുകയാണ്. മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് രണ്ട് മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. രാവിലെ 6:58ന് കാസർകോട് എത്തേണ്ട ട്രെയിൻ രണ്ട് മണിക്കൂർ വൈകി 9:14 നാണ് എത്തിച്ചേർന്നത്.