കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് നഷ്ടക്കച്ചവടം; കയ്യില്‍നിന്ന് പോയത് രണ്ട് വാര്‍ഡുകള്‍
കാസര്‍കോട്: കയ്യിലുണ്ടായിരുന്ന 14 വാര്‍ഡുകളില്‍ രണ്ടിടത്തെ തോല്‍വി ബി.ജെ.പിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. കാസര്‍കോട് നഗരസഭയില്‍ പ്രബലമായ പ്രതിപക്ഷമായി ബി.ജെ.പി എന്നും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 38 സീറ്റുകളുണ്ടായിരുന്ന കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് 14 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് 12 ആയി കുറഞ്ഞു. രണ്ട് വാര്‍ഡുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബി.ജെ.പിക്ക് വലിയ ക്ഷീണമായി. കുറേ കാലമായി നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ നയിച്ചിരുന്ന പി. രമേശ് ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിരുന്നില്ല. ഏറെയും പുതുമുഖങ്ങളാണ് മത്സരിക്കാനിറങ്ങിയത്. നേരത്തെ കൗണ്‍സിലര്‍ ആയിരുന്ന രവി കറന്തക്കാടും സവിത ടീച്ചറും ശാരദയുമടക്കം കുറഞ്ഞ അംഗങ്ങള്‍ മാത്രമാണ് പരിചിതരായവരായി ഉണ്ടായിരുന്നത്. ആനബാഗിലുവില്‍നിന്ന് 450 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രവി കറന്തക്കാട് വിജയിച്ചുകയറി. മൂന്ന് തവണ നഗരസഭാംഗമായിരുന്ന സവിത ടീച്ചര്‍ ഇത്തവണ പരാജയ രുചി അറിഞ്ഞ് മടങ്ങി. വിദ്യാനഗര്‍ സൗത്ത് വാര്‍ഡിലാണ് ടീച്ചര്‍ക്ക് അടിപതറിയത്. മുസ്ലിം ലീഗിലെ ആയിഷ അഷ്‌റഫ് കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും ഇവിടെ അട്ടിമറി വിജയം നേടുകയായിരുന്നു.
ലൈറ്റ് ഹൗസ് വാര്‍ഡും (39) ബി.ജെ.പിയെ കൈവിട്ടു. ഇവിടെ ഇടത് സ്വതന്ത്രന്‍ ഉമേശനാണ് വിജയിച്ചത്.