നൂറ്റൊന്നു വയസ്സ്, 1951 മുതല്‍ ഇന്നുവരെ മുടങ്ങാതെ വോട്ട് ചെയ്ത മുളിയാറിലെ കരിച്ചേരി നാരായണി അമ്മക്ക് കയ്യടി
101 -ാം വയസില്‍ വോട്ട് രേഖപ്പെടുത്തിയ കരിച്ചേരി നാരായണിയമ്മ
കന്നിവോട്ടര്‍ക്കൊപ്പം
ബോവിക്കാനം: അച്ഛന്‍, മുളിയാറിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി പരേതനായ നാരന്തട്ട ഗാന്ധി രാമന്‍ നായര്‍. അമ്മ, ഭര്‍ത്താവിന്റെ സ്വാതന്ത്ര്യ സമര ജീവിതത്തിന് നെടും തൂണായി നിന്ന് ത്യാഗങ്ങള്‍ സഹിച്ച പരേതയായ കരിച്ചേരി ഉച്ചിരഅമ്മ. ഭര്‍ത്താവ്, ഇന്ത്യന്‍ നേവിയില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ട രാവണീശ്വരം പുതിയ കണ്ടത്തില്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍.
പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുളിയാര്‍ 12-ാം വാര്‍ഡിലെ വോട്ടര്‍ ആയിരുന്ന നൂറ്റിയൊന്നു വയസ്സ് പ്രായമായ 'പുതിയ വീട്ടി'ല്‍ കരിച്ചേരി നാരായണി അമ്മയെ കുറിച്ചാണ്.
1951ല്‍ രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ മുടങ്ങാതെ വോട്ടു ചെയ്തിട്ടുണ്ട് നാരായണിയമ്മ. ചരിത്രമുറങ്ങുന്ന മുളിയാര്‍ പുതിയ വീട്ടില്‍ 1947 ആഗസ്ത് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഹരിജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു പന്തിഭോജനം നല്‍കി സാമൂഹ്യ ബഹിഷ്‌കരണം ഏറ്റുവാങ്ങിയ അച്ഛന്‍ നാരന്തട്ട ഗാന്ധി രാമന്‍ നായര്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കാന്‍ അമ്മയോടൊപ്പം ധീരയായി നിലകൊണ്ട മകളാണ് അവര്‍. 1951ല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അച്യുത ഷേണായ് എന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കിയത് മുതല്‍ എത്രയെത്ര തിരഞ്ഞെടുപ്പുകള്‍. ഒരൊറ്റ വോട്ടും പാഴാക്കാതെ ഇക്കാലമത്രയും തന്റെ വോട്ടാണ് തന്റെ മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമെന്ന് വിശ്വസിക്കാനാണ് നാരായണിയമ്മക്ക് ഇഷ്ടം.
കേരളം, ബംഗാള്‍, കര്‍ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലും തന്റെ വോട്ടു രേഖപ്പെടുത്താന്‍ സാധിച്ച കേരളത്തിലെ അപൂര്‍വ്വം വനിതകളില്‍ ഒരാളാണ്. ഏക മകന്‍ മോഹന്‍ കുമാര്‍ നാരന്തട്ട ജോലി സംബന്ധമായി പോകേണ്ടി വന്ന സ്ഥലത്തേക്കെല്ലാം അമ്മയെക്കൂടി കൊണ്ടുപോയത് കൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിള്‍ വോട്ടു ചെയ്യാനുള്ള അപൂര്‍വ്വ അവസരം ഉണ്ടായത്.
കെ. കേളപ്പന്‍, ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി എന്നിവര്‍ക്കൊക്കെ ഏറെ പ്രിയങ്കരിയായിരുന്നു. ബോവിക്കാനം എ.യു.പി. സ്‌കൂളിലെ രണ്ടാം നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ നാരായണി അമ്മയോട് കുശലം പറഞ്ഞു കൊണ്ട് കന്നി വോട്ടര്‍ കൂടിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അമ്മങ്കോട്ടെ കൃഷ്ണപ്രിയയും ഒപ്പമുണ്ടായിരുന്നു.