അഹ്മദ് മാഷില്ലാത്ത 15 വര്‍ഷങ്ങള്‍; സാഹിത്യവേദിയുടെ അനുസ്മരണ ചടങ്ങ് നാളെ

Update: 2025-12-15 09:52 GMT

കാസര്‍കോട്: അഹ്മദ് മാഷില്ലാത്ത 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 2010 ഡിസംബര്‍ 16ന് വിടപറഞ്ഞ കാസര്‍കോടിന്റെ ഈ സാംസ്‌കാരിക തേജസ് കാസര്‍കോടന്‍ ജനതയുടെ ഹൃദയങ്ങളില്‍ ഇന്നും നിറപുഞ്ചിരിയോടെ ജീവിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരിക നായകന്‍, പ്രഭാഷകന്‍ തുടങ്ങി അഹ്മദ് മാഷ് വിരാജിക്കാത്ത മേഖലകളുണ്ടായിരുന്നില്ല. കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിലപ്പെട്ടതായിരുന്നു. കാസര്‍കോടിന്റെ സാംസ്‌കാരിക മുഖമായി നാട് അഹ്മദ് മാഷിനെ കണ്ടു.

കഴിഞ്ഞ 14 വര്‍ഷവും കാസര്‍കോട് അഹ്മദ് മാഷിനെ ഓര്‍ക്കുകയും ആ ഓര്‍മ്മകളില്‍ ഈറനണിയുകയും ചെയ്തു.

അഹ്മദ് മാഷിന്റെ അഭാവം വലിയ നഷ്ടബോധത്തോടെ മാത്രമാണ് കാസര്‍കോട് എന്നും ഓര്‍ക്കാറുണ്ടായിരുന്നത്. മാഷുണ്ടായിരുന്നുവെങ്കില്‍... എന്ന ചിന്ത കാസര്‍കോടിന്റെ മനസില്‍ പലപ്പോഴും തികട്ടിവരുന്നു. അദ്ദേഹം ഇനി തരികെ വരില്ല. എങ്കിലും ഇവിടെ കൊളുത്തിവെച്ച വിളക്ക് ഈ നാടിന് വലിയ പ്രകാശം പകരുന്നുണ്ട്.

ദീര്‍ഘകാലം അഹ്മദ് മാഷ് പ്രസിഡണ്ടായിരുന്ന കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നാളെ അദ്ദേഹത്തെ സ്മരിക്കുകയാണ്. 'സമരസപ്പെടാത്ത എഴുത്താളുകള്‍' എന്ന പേരില്‍ നാളെ വൈകിട്ട് 4 മണിക്ക് കാസര്‍കോട്ടെ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.ടി നാസര്‍ ഉദ്ഘാടനം ചെയ്യും.

സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിക്കും. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ റഹ്മാന്‍ തായലങ്ങാടി അഹ്മദ് മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളുടെ കിളിവാതില്‍ തുറക്കും. പത്രപ്രവര്‍ത്തകനും കഥാകൃത്തും അഹ്മദ് മാഷിന്റെ ശിഷ്യനുമായ കെ.എം അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തും.

മുഴുവന്‍ മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകരും അഹ്മദ് മാഷിന്റെ സുഹൃത്തുക്കളും ചടങ്ങില്‍ സംബന്ധിക്കണമെന്ന് സാഹിത്യവേദി സെക്രട്ടറി എം.വി സന്തോഷ് കുമാര്‍ അറിയിച്ചു.

Similar News