റെയില്‍പാതാ വശങ്ങളില്‍ സുരക്ഷാവേലി; വഴി മുടങ്ങുമെന്ന ആശങ്കയില്‍ നാട്ടുകാര്‍
മൊഗ്രാല്‍: റെയില്‍ പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിര്‍മ്മിക്കാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ ആശങ്കയോടെ നാട്ടുകാര്‍. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന വഴി മുടങ്ങുമെന്ന് ആശങ്കയിലാണ് റെയില്‍പാളത്തിന് സമീപം താമസിക്കുന്നവര്‍. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പ്രധാനപ്പെട്ട വഴികള്‍ സുരക്ഷയുടെ പേരില്‍ നേരത്തെ അടച്ചിട്ടത് പ്രദേശവാസികള്‍ക്ക് ഏറെദുരിതം സൃഷ്ടിച്ചിരുന്നു. ഇതില്‍ നിന്ന് റെയില്‍വെ അധികൃതരെ പിന്തിരിപ്പിക്കാന്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഭാഗങ്ങള്‍ കൂടി അടച്ചിടാനാണ് റെയില്‍വേയുടെ നീക്കം. റെയില്‍പാളങ്ങളില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങളും കന്നുകാലികളുടെ കടന്നുകയറ്റവും തടയാനാണ് റെയില്‍വേ സുരക്ഷാവേലി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.ഇരുവശങ്ങളിലും വേലി കെട്ടിയാല്‍ ഇരുഭാഗത്തേക്കുമുള്ള പ്രവേശനം മുടങ്ങും. കൂടുതല്‍ ദൂരം നടക്കേണ്ടി വരും മറുവശത്തെത്താന്‍. ഇത് വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രയാസമാകും. വന്ദേഭാരത് പോലുള്ള ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. കമ്പിവേലി കെട്ടാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
റെയില്‍പാളത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ഈ വിഷയത്തില്‍ ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.