കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നല്കിയ നദികളില്‍ ഉപ്പളയും
പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്;
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്കി സംസ്ഥാ ദുരന്ത നിവാരണ വകുപ്പ്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്, പത്തനംതിട്ട ജില്ലയിലെ അച്ഛന് കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്, കോന്നി ജിഡി സ്റ്റേഷന്, മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്, കാസര്‍കോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്, കൊടിയങ്ങാട് സ്റ്റേഷന്, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്, മുദങ്ങ സ്റ്റേഷന്, പനമരം സ്റ്റേഷന് കേന്ദ്ര ജലകമ്മീഷന്റെ മുത്തന്‍കര സ്റ്റേഷന് എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
യാതൊരു കാരണവശാലും ആളുകള്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെടുന്ന ന്യുന മര്‍ദ സാധ്യത കൂടി പരിഗണിച്ച് അടുത്ത 4-5 ദിവസം കൂടി ഉയര്‍ന്ന ലെവല്‍ മുന്നറിയിപ്പ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചെറിയ രീതിയില്‍ മഴയുടെ തീവ്രതയില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.