ആദിവാസി പെണ്‍കുട്ടിയുടെ ദുരൂഹ മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം; ജൂണ്‍ 9 ന് ഹൈക്കോടതി പരിഗണിക്കും

2010 ജൂണ്‍ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ടീച്ചേഴ്സ് ട്രെയിനിങ്ങ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ കാണാതായത്.;

Update: 2025-05-20 05:35 GMT

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന പാണത്തൂര്‍ ബാപ്പുങ്കയത്തെ പി.കെ ബിജു പൗലോസു(52)മായി അടുത്ത ബന്ധമുള്ള ചിലര്‍ തുടക്കം മുതലേ കേസ് അട്ടിമറിക്കാനും പ്രതിയെ സഹായിക്കാനും രംഗത്തുവന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പുകള്‍ക്കുമായി ബിജു പൗലോസിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നല്‍കിയ അപേക്ഷ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കുള്ള ബന്ധം കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് കല്യാണി നല്‍കിയ ഹരജി സ്വീകരിച്ച ഹൈക്കോടതി ആദിവാസി പെണ്‍കുട്ടി മരണപ്പെട്ട കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 2010 മുതല്‍ മകളെ കാത്തിരിക്കുന്ന അമ്മക്ക് ഉത്തരം നല്‍കേണ്ടതുണ്ടെന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കല്യാണിയുടെ ഹരജി ജൂണ്‍ ഒമ്പതിന് ഹൈക്കോടതി പരിഗണിക്കും. നടപടി സംബന്ധിച്ച് അന്ന് റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. 2010 ജൂണ്‍ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ടീച്ചേഴ്സ് ട്രെയിനിങ്ങ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കാനായില്ല.

അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്. മഡിയനിലെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം 2010 ജൂണ്‍ ആറിന് രാത്രി ജീപ്പില്‍ കയറ്റി പാണത്തൂര്‍ പവിത്രംകയത്തെ പുഴയില്‍ ചവിട്ടി താഴ്ത്തിയെന്നാണ് ബിജു പൗലോസ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഒരു പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം വായ്പയെടുത്താണ് ജീപ്പ് വാങ്ങിയതെന്നും തനിച്ചാണ് മൃതദേഹം കൊണ്ടുപോയി പുഴയില്‍ തള്ളിയതെന്നുമാണ് ബിജു പൗലോസ് വെളിപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പണമിടപാട് സ്ഥാപന ഉടമയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഒരു വ്യവസായി ഉള്‍പ്പെടെയുള്ളവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ശക്തമാണ്. പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ആള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടി എങ്ങനെയാണ് മരിച്ചതെന്നതുള്‍പ്പെടെ കണ്ടെത്താന്‍ ബിജു പൗലോസിനെ ഇന്ന് തന്നെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.

ബിജുവിനെ തെളിവെടുപ്പിനായി ഇവര്‍ താമസിച്ചിരുന്ന കാഞ്ഞങ്ങാട്ടെ വിവിധ ക്വാര്‍ട്ടേഴ് സുകള്‍, പാണത്തൂര്‍ പവിത്രം കയം പുഴ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. തന്നെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം ബിജു പൗലോസ് നിരാകരിച്ചിരുന്നു. ഇതേച്ചൊല്ലി പെണ്‍കുട്ടിയുമായി വാക്കേറ്റം പതിവായിരുന്നുവെന്ന് ബിജു പൗലോസ് അന്വേഷണസംഘത്തോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനം അന്വേഷണസംഘത്തിനുണ്ടെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ല.

Similar News