ആദിവാസി പെണ്‍കുട്ടിയുടെ മരണത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; പ്രതിയുടെ റിമാണ്ട് നീട്ടി
കൊലപാതകമാണെന്ന സംശയത്തില്‍ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്;
കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പതിനഞ്ചുവര്‍ഷം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ് സില്‍ പ്രതിയെ എത്തിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതി പാണത്തൂര്‍ ബാപ്പുങ്കയത്തെ ബിജു പൗലോസിനെ പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന മഡിയനിലെ ക്വാര്‍ട്ടേഴ് സിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പെണ്‍കുട്ടി മഡിയനിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ബിജുവിനെ പരിചയപ്പെട്ടിരുന്നത്. പിന്നീട് പെണ്‍കുട്ടിയുമായി അടുപ്പത്തിലായതോടെ ഇരുവരും മഡിയനിലെ ക്വാര്‍ട്ടേഴ് സില്‍ താമസം തുടങ്ങിയിരുന്നു. 2010 ജൂണ്‍ ആറിന് പെണ്‍കുട്ടിയെ മഡിയനിലെ ക്വാര്‍ട്ടേഴ് സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നാണ് പ്രതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്.
കേസില്‍ കുടുങ്ങുമെന്ന് ഭയന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ജീപ്പില്‍ കയറ്റി പാണത്തൂരിലെ പവിത്രം കയം പുഴയില്‍ കല്ലുകെട്ടി താഴ്ത്തിയെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയ ഉടന്‍ തന്നെ അന്വേഷണസംഘം ആദ്യം പാണത്തൂരില്‍ കൊണ്ടുപോയി പവിത്രം കയം പുഴയിലാണ് തെളിവെടുപ്പ് നടത്തിയത്.
പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കല്ല് കണ്ടെത്താനായില്ല. പിന്നീടാണ് മഡിയനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൃതദേഹം ക്വാര്‍ട്ടേഴ് സില്‍ നിന്നും ഇറക്കിയതും വാഹനത്തില്‍ കൊണ്ടുപോയതും പുഴയില്‍ തള്ളിയതുമായ രീതികള്‍ പ്രതി ക്രൈംബ്രാഞ്ചിന് കാണിച്ചുകൊടുത്തു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നശിപ്പിച്ച് തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും വിശദീകരിച്ചു.
തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കത്തക്ക വിധത്തിലാണ് സാഹചര്യതെളിവുകളെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ലഭിച്ച വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടും ഹാജരാക്കി. പ്രതിയുടെ റിമാണ്ട് നീട്ടി.