ബേവിഞ്ചയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

62,500 രൂപയും 4 പവന്റെ സ്വര്‍ണ്ണാഭരണവും 2 മൊബൈല്‍ ഫോണുകളും ക്യാമറയും കത്തിനശിച്ചു;

Update: 2025-05-23 04:53 GMT

കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ചയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മുംബൈയിലെ അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ഇഖ് ബാല്‍ അഹമ്മദ് കുട്ടി, ഭാര്യ റുബീന, മക്കളായ നൗഫല്‍സ, അഫീന, ഉമ്മര്‍ എന്നിവര്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.


ന്യൂ മുംബൈയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തേക്ക് കുടുംബം സി.എന്‍.ജി കാറില്‍ പോകുകയായിരുന്നു. ചെര്‍ക്കള പിലിക്കുണ്ടിനടുത്തെത്തിയപ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇഖ് ബാല്‍ അഹമ്മദ് കുട്ടി ഉടന്‍ കാര്‍ നിര്‍ത്തുകയും ഭാര്യയെയും മക്കളെയും വിളിച്ചുണര്‍ത്തി വാഹനത്തില്‍ നിന്ന് പുറത്തിറക്കുകയുമായിരുന്നു.

കാറിനകത്തുണ്ടായിരുന്ന 62,500 രൂപയും നാലു പവന്റെ സ്വര്‍ണ്ണാഭരണവും രണ്ട് മൊബൈല്‍ ഫോണുകളും ക്യാമറയും കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ് സെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു. 50 ദിവസം മുമ്പ് വാങ്ങിയ സി.എന്‍.ജി കാറാണ് കത്തിനശിച്ചത്. മുംബൈയില്‍ താമസിക്കുന്ന ഇവര്‍ കണ്ണപുരത്തെ റുബീനയുടെ സഹോദരന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

Similar News