ത്വക്ക് രോഗ വിദഗ്ധ പറയുന്നു 2025ല്‍ ഈ 5 കാര്യങ്ങള്‍ ഒഴിവാക്കൂ..

Update: 2024-12-14 06:20 GMT

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍, അപ്പപ്പോള്‍ നടക്കുന്ന ട്രെന്‍ഡുകളാണ് പലരെയും ആകര്‍ഷിക്കുന്നത്. ചര്‍നമം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കമ്പനികള്‍ ഉടനടി പരിഹാരവും ഞെട്ടിക്കുന്ന ഫലങ്ങളും ആണ് പലപ്പോഴും വാഗ്ദാനം ചെയ്യുന്നത്. ചര്‍മ്മം ,സംരക്ഷിക്കാന്‍ ജനപ്രിയമായ പല വഴികളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ത്വക് രോഗ വിദഗ്ധര്‍ പറയുന്നത്. 025-ലേക്ക് ചുവടുവെക്കുമ്പോള്‍, ഈ രീതികളില്‍ ചിലത് പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റും, കോസ്‌മെറ്റിക് ഡെര്‍മറ്റോളജിസ്റ്റും, ഡെര്‍മറ്റോ-സര്‍ജനുമായ ഡോ.റിങ്കി കപൂര്‍ പറയുന്നു.

ട്രെന്‍ഡിംഗ് ആയ ചര്‍മ്മസംരക്ഷണത്തെ കുറിച്ചുള്ള പ്രചാരണങ്ങള്‍ പ്രലോഭിപ്പിക്കുന്നതായിരിക്കുമെങ്കിലും, അവ പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യം തന്നെ ഇല്ലാതാക്കാന്‍ കാരണമാകുന്നു. 2025ല്‍ ഉപേക്ഷിക്കാന്‍ ഡോക്ടര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്ന അഞ്ച് ശീലങ്ങള്‍

1. മുഖക്കുരുവിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത്

മുഖക്കുരുവിന്മേല്‍ ടൂത്ത് പേസ്റ്റ് പുരട്ടുക എന്ന ആശയം എളുപ്പമുള്ള ഒരു പരിഹാരമായി തോന്നുമെങ്കിലും അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയ ഈ വൈറല്‍ ഹാക്ക്, പലപ്പോഴും പുകച്ചില്‍, ചര്‍മ്മം വരളുക, തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ടൂത്ത് പേസ്റ്റില്‍ ചര്‍മ്മത്തിന് വേണ്ടിയുള്ള ചേരുവകള്‍ അടങ്ങിയിട്ടില്ല, മാത്രമല്ല ചര്‍മത്തിന്റെ സ്വാഭാവികമായ സൂക്ഷ്മ ഘടകങ്ങളെ ഇല്ലാതാക്കുന്നു. ഈ അപകടകരമായ കുറുക്കുവഴികള്‍ക്ക് പകരം ഡെര്‍മറ്റോളജിസ്റ്റ് അംഗീകരിച്ച മുഖക്കുരു ചികിത്സകള്‍ തിരഞ്ഞെടുക്കുക.

2. വാക്വം പോര്‍ ക്ലീനറുകള്‍ ഒഴിവാക്കുക

ഇലക്ട്രോണിക് വാക്വം പോര്‍ ക്ലീനറുകള്‍ മുഖത്തെ ബ്ലാക്ക്ഹെഡ്സ് മായ്ക്കുമെന്നും സുഷിരങ്ങള്‍ ഫലപ്രദമായി അടയ്ക്കുമെന്നും അവകാശപ്പെടുന്നുണ്ട്. പക്ഷെ അവ ചര്‍മ്മത്തിന് സാരമായ കേടുപാടുകള്‍ വരുത്തുമെന്നാണ് കണ്ടെത്തല്‍. ചര്‍മ്മത്തെ ദീര്‍ഘകാല പ്രശ്‌നങ്ങളിലേക്കെത്തിക്കാന്‍ ഇത് കാരണമാവും. ഈ ഉപകരണങ്ങള്‍ സൗകര്യപ്രദമാണെന്ന് തോന്നുമെങ്കിലും, ഇത് പ്രായോഗികമായി സുരക്ഷിതമല്ല. മുഖത്തെ സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ ബദലുകള്‍ക്കായി എല്ലായ്‌പ്പോഴും ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.

3. സണ്‍സ്‌ക്രീന്‍ കോണ്ടറിംഗ് വൈറല്‍ ആയിരിക്കാം, പക്ഷേ ഇത് നല്ലതാണോ?

വിവാദമായ ട്രെന്‍ഡാണ് മുഖത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം സണ്‍സ്‌ക്രീന്‍ പുരട്ടുന്ന സണ്‍സ്‌ക്രീന്‍ കോണ്ടറിംഗ് എന്ന പ്രക്രിയ. താത്കാലികമായി മുഖത്തിന് രൂപം നല്‍കുമെങ്കിലും ഇത് ചര്‍മത്തിന്റെ നിറം മങ്ങലിനും ടാനിംഗിനും കഠിനമായ സൂര്യതാപത്തിനും കാരണമായേക്കും. ഇത് ത്വക്ക് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് മതിയായ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ ചര്‍മ്മത്തിലും ഒരേപോലെ സണ്‍സ്‌ക്രീന്‍ പ്രയോഗിക്കണം.

4. അമിതമായി ബ്ലഷ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

റോസ് നിറത്തില്‍ ചര്‍മം തിളങ്ങുന്നതിനായി അമിതമായ ബ്ലഷ് പ്രയോഗിക്കുന്ന പ്രവണത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിലൂടെ ശ്രദ്ധിക്കപ്പെടുന്ന ചര്‍മ്മം രൂപപ്പെട്ടേക്കാം. എന്നാല്‍ വാസ്തവത്തില്‍ ഇത് ചര്‍മ്മത്തിന്റെ അസ്വാഭാവികമായ രൂപത്തിലേക്ക് നയിക്കും. മേക്കപ്പ് ഉപയോഗിച്ച് ചര്‍മ്മത്തിന് മുകളില്‍ ഓവര്‍ലോഡ് ചെയ്യുന്നതിലൂടെ സുഷിരങ്ങള്‍ അടയാന്‍ കാരണമാവുന്നു. സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം നേടുന്നതിന് ബ്ലഷ് മിതമായി ഉപയോഗിക്കുക.

5. റെറ്റിനോള്‍ അപൂര്‍വ്വമായി ഉപയോഗിക്കണം

ചര്‍മ്മത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയുന്ന ഘടകമാണ് റെറ്റിനോള്‍. റെറ്റിനോള്‍ ദിനചര്യയില്‍ ഉള്‍പ്പെടുമ്പോള്‍ ക്ഷമയും ആവശ്യമാണ്. വേഗത്തിലുള്ള ഫലങ്ങള്‍ കാണാമെന്ന പ്രതീക്ഷയില്‍ പലരും റെറ്റിനോള്‍ അമിതമായി ഉപയോഗിക്കുന്നു. ചര്‍മ്മം ചുവക്കാനും മറ്റ് പാര്‍ശ്വഫലങ്ങളിലേക്കും നയിക്കുന്നു.

Similar News