വിദ്യാര്‍ഥികള്‍ക്കിടയില്‍ 'സ്‌ട്രോബെറി ക്വിക്ക്' ലഹരി; പ്രചരണം വ്യാജം

Update: 2025-02-06 10:00 GMT

മുംബൈ: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ സ്‌കൂളുകളിലെ മയക്കുമരുന്ന് വിതരണം സംബന്ധിച്ച് വ്യാപകമായി ഒരു സന്ദേശം പ്രചരിച്ചിരുന്നു. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് 'സ്‌ട്രോബെറി ക്വിക്ക്' എന്ന പേരില്‍ പുതിയ ലഹരിമരുന്ന് എത്തിയിരിക്കുന്നു എന്നായിരുന്നു ആ സന്ദേശം. പിങ്ക് നിറത്തില്‍ ടെഡി ബിയറിന്റെ രൂപത്തിലുള്ള ഇവയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു പ്രചാരണം. ഏറെ അപകടകാരിയായ ലഹരിമരുന്നാണ് ഇത് എന്ന മുന്നറിപ്പും സന്ദേശത്തില്‍ ഉണ്ട്.

സന്ദേശം വൈറലായതോടെ അതില്‍ പറയുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കീ വേര്‍ഡ് സര്‍ച്ച് ചെയ്തതില്‍ നിന്നും പല ലോക രാജ്യങ്ങളിലും ഇത് നേരത്തെ തന്നെ വൈറലായിരുന്നതായി കണ്ടെത്തി. പിന്നാലെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണത്തില്‍ 2007 മുതല്‍ ഈ സന്ദേശം പ്രചരിക്കുന്നതായും കണ്ടെത്തി.

അമേരിക്കയിലായിരുന്നു സന്ദേശത്തിന്റെ ഉറവിടം. അന്നുതന്നെ സന്ദേശം വ്യാജമാണെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 2018ല്‍ ഈ സന്ദേശം നൈജീരിയയിലും വൈറലായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്.

സ്‌ട്രോബെറി ക്രിസ്റ്റല്‍ മെത്ത്/ സ്‌ട്രോബെറി ക്വിക്ക്' മിഠായി എന്ന തരത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല' എന്നായിരുന്നു നാഷണല്‍ ഡ്രഗ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി വക്താവ് ജോനാ അച്ചെമയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം ആഫ്രിക്ക ചെക്ക് റിപ്പോര്‍ട്ട് ചെയ്തത്.

ലഹരിമരുന്ന് അടങ്ങിയ 'സ്‌ട്രോബെറി മെത്ത്' അല്ലെങ്കില്‍ 'സ്‌ട്രോബെറി ക്വിക്ക്' സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുവെന്ന വൈറല്‍ പ്രചാരണം വ്യാജമാണെന്ന് അരുണാചല്‍ പ്രദേശ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി ടി ഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദി പ്രിന്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2007ല്‍, പ്രശസ്ത ബ്രാന്‍ഡായ നെസ് ക്വിക്കിന്റെ പേരിലാണ് 'സ്‌ട്രോബെറി ക്വിക്ക്' എന്ന ഈ തട്ടിപ്പ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ലഹരിമരുന്ന് വ്യാപാരികള്‍ മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നായിരുന്നു സന്ദേശം. ഇമെയില്‍ വഴിയായിരുന്നു ഈ പ്രചാരണത്തിന്റെ തുടക്കം. പിന്നീട് ചില മാധ്യമങ്ങളും ഈ സന്ദേശം വാര്‍ത്തയാക്കി.

യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നോപ്സ് എന്ന മാധ്യമം ഈ പ്രചാരണം വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിഇഎ., വൈറ്റ് ഹൗസ് ഓഫീസ് ഓഫ് നാഷണല്‍ ഡ്രഗ് കണ്‍ട്രോള്‍ പോളിസി അധികൃതരില്‍ നിന്നടക്കം വിഷയത്തില്‍ പ്രതികരണം തേടിയ ശേഷമായിരുന്നു ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതുസംബന്ധിച്ച് ഡിഇഎ ഉദ്യോഗസ്ഥന്‍ മൈക്കല്‍ സാന്‍ഡേഴ്സിനെ ഉദ്ധരിച്ച് സ്‌നോപ്‌സ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ:

'ഞങ്ങള്‍ എല്ലാം പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല. ഇതൊരു യഥാര്‍ത്ഥ കാര്യമല്ല; നല്ല ഉദ്ദേശ്യത്തോടെ ആരോ ചെയ്തതാകാം ഇതെന്ന് ഞാന്‍ കരുതുന്നു'- എന്ന്.

(വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്).

Similar News