നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ഡിജി യാത്ര ആപ്പ് വിവരങ്ങള്‍ ശേഖരിക്കും? വ്യാജ റിപ്പോര്‍ട്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

Update: 2025-01-01 06:59 GMT

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുകാരെ കണ്ടുപിടിക്കാന്‍ ഡിജി യാത്ര ആപ്ലിക്കേഷനില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഡിജി യാത്രയെക്കുറിച്ച് വന്ന സമീപകാല മാധ്യമ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും കൃത്യമല്ലാത്തതുമായ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഡിജി യാത്ര യാത്രക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ നികുതി അധികാരികളുമായി പങ്കുവെക്കപ്പെടുന്നില്ലെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എക്സില്‍ അറിയിച്ചു.

പ്രഖ്യാപിത വരുമാനത്തിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കുന്നതിനായി നികുതി ഫയലിംഗുമായി പൊരുത്തപ്പെടുന്ന ഡിജി യാത്ര ആപ്പിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ നികുതി വകുപ്പിന് അധികാരമുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ആദായനികുതി വകുപ്പ് 2025ല്‍ നികുതിവെട്ടിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും തള്ളി.

സ്വയം-പരമാധികാര ഐഡന്റിറ്റി (എസ്എസ്‌ഐ) മാതൃകയാണ് ആപ്പ് പിന്തുടരുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു, വ്യക്തിഗത വിവരങ്ങളും യാത്രാ വിവരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലല്ല വരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Similar News