പാൻകാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് പൂട്ടും; പോസ്റ്റൽ ബാങ്കിന്റെ പേരിലും വ്യാജ സന്ദേശം

Update: 2025-02-14 07:45 GMT

പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) അക്കൗണ്ട് ഉടമകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്ക് ചെയ്യുമെന്ന് അവകാശപ്പെടുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. ഈ സന്ദേശങ്ങളുടെ കൂടെ പാന്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ലിങ്കും നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ പോസ്റ്റുകള്‍ വ്യാജമാണ്. ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് ഇത്തരത്തിലുള്ള യാതൊരു സന്ദേശവും അയയ്ക്കുന്നില്ല. തട്ടിപ്പു സംഘങ്ങള്‍ അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇതിലൂടെ തട്ടിച്ചെടുക്കുന്നു.തട്ടിപ്പുകാര്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ അനധികൃതമായ ഇടപാടുകള്‍ നടത്തുകയോ ഇരയുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുറക്കുകയോ ചെയ്യും.

പാസ്വേഡുകള്‍ തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുക, വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഒഴിവാക്കുക, നിങ്ങളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുക, സംശയാസ്പദമായ ലിങ്കുകള്‍ ഒഴിവാക്കുക. പൊതു ഭാഗങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക, ബാങ്കിംഗ് ആശയവിനിമയങ്ങളുടെ സാധുത എല്ലായ്പ്പോഴും സ്ഥിരീകരിക്കുക. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഈ സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇന്ത്യന്‍ പോസ്റ്റ് ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നല്‍കുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Similar News