സൈബര്‍ തട്ടിപ്പാണെന്ന് സംശയമുണ്ടോ..? ഇനി സുരക്ഷ നേരിട്ട് പരിശോധിക്കാം
സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തട്ടിപ്പ് ആണെന്ന സംശയമുണ്ടെങ്കില്‍ ഈ സൗകര്യത്തെ ആശ്രയിക്കാവുന്നതാണ്.
ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കില്‍ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പുനല്‍കും.
തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, സാമൂഹികമാധ്യമ വിലാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കും ഈ പോര്‍ട്ടലില്‍ നല്‍കാനാകും. സംശയം തോന്നുന്ന നമ്പറുകള്‍, വെബ് അഡ്രസുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ www.cybercrime.gov.in ല്‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രം പ്രതികരിക്കുക.