കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് മൊത്തവിതരണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തായല്നായന്മാര്മൂല ആലംപാടി റോഡിലെ മുഹമ്മദ് കബീര്‍ എന്‍. എം. എന്ന ആലംപാടി കബീറിനെ(38)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന കബീറിനെ കുറിച്ച് സൂചന ലഭിച്ചത്. അന്വേഷണത്തില്‍ ഇയാള്‍ ആന്ധ്രയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ആന്ധ്രാ പൊലീസുമായി ബന്ധപ്പെടുകയും അവിടത്തെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ നിന്നും 3.6 കിലോ കഞ്ചാവ്കൂടി പിടികൂടി. ഡി.വൈ.എസ്.പിക്ക് പുറമെ ഇന്‍സ്പെക്ടര്‍ വി.വി. മനോജ്, എസ്.ഐ. സി.കെ. ബാലകൃഷ്ണന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗോകുല എസ്., ഷജീഷ്, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.