കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹരജിയില്‍ വിധിയുണ്ടായത്. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്.
എ.ഡി.എം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പി.പി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് അന്വേഷണത്തില്‍ ലഭിച്ചിരുന്നത് യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കലക്ടറും ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കലക്ടറേറ്റിലെ യോഗത്തില്‍ ദിവ്യ എ.ഡി.എമ്മിനെതിരെ ആരോപണമുന്നയിക്കാന്‍ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നാണ് സ്റ്റാഫിന്റെ മൊഴി. എ.ഡി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. ഭീഷണിസ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയര്‍ത്തിയത്. മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങള്‍ ചോദിച്ചുവാങ്ങി ദിവ്യ പ്രചരിപ്പിച്ചു. അഴിമതി പരാതിയുണ്ടെങ്കില്‍ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാന്‍ ശ്രമിച്ചു. എ.ഡി.എമ്മിനെക്കുറിച്ച് കലക്ടറോട് ഒക്ടോബര്‍ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കലക്ടര്‍ പറഞ്ഞെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.