കറുത്ത ശരീരത്തില്‍ മഞ്ഞ വരകള്‍, നീളന്‍ പിന്‍കാലുകള്‍; പശ്ചിമഘട്ടത്തില്‍ പുതിയ കടുവാത്തുമ്പികള്‍

തൃശൂര്‍: പുതിയ രണ്ടിനം കടുവാത്തുമ്പികളെ കൂടി കണ്ടെത്തി ശാസ്ത്രലോകം. പശ്ചിമഘട്ടത്തില്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തല്‍.
കറുത്ത ശരീരത്തില്‍ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലന്‍ത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തില്‍ ഉള്ളത്. ഇതിലെ നീളന്‍ പിന്‍കാലുകളുള്ള മീറോഗോമ്ഫസ് എന്ന ജനുസില്‍ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.
പുതിയ തുമ്പികളുടെ ചെറുവാലുകള്‍, ജനനേന്ദ്രിയം, ശരീരത്തിലെ പാടുകള്‍ എന്നിവ മറ്റ് തുമ്പികളില്‍നിന്നും വ്യത്യസ്തമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മാത്രമല്ല, ജനിതക പഠനവും ഇവ പുതിയ ജീവജാതികളാണെന്ന കാര്യം ശരിവച്ചു. ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ വിഭാഗത്തിലെ വലിപ്പം കുറവുള്ള ചെറു ചോലക്കടുവ തുമ്പിയെ കണ്ടെത്തിയത്.
മഹാരാഷ്ട്രയില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ ഹാദ് പിട് എന്ന ഗ്രാമത്തില്‍ നിന്നുമാണ് ഇരുളന്‍ ചോലക്കടുവയെ കണ്ടെത്തിയത്. ജനുസിലെ മറ്റ് തുമ്പികളെ അപേക്ഷിച്ച് ഈ തുമ്പിക്ക് ശരീരത്തില്‍ മഞ്ഞ പാടുകള്‍ കുറവാണ്. പശ്ചിമഘട്ടത്തില്‍ തന്നെ കാണുന്ന മലബാര്‍ പുള്ളിവാലന്‍ ചോലക്കടുവയുമായി ഇതിന് ഏറെ സാമ്യമുണ്ട്. ഈ തുമ്പിയെ ഇത്രയും കാലം തിരിച്ചറിയപ്പെടാതെ പോയതിന്റെ കാരണവും ഇതുതന്നെ എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മഹാരാഷ്ട്ര മുതല്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ വരെ ഈ തുമ്പിയെ കാണാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ വിവേക് ചന്ദ്രന്‍, ഡോ. സുബിന്‍ കെ. ജോസ്, പൗര ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ റെജി ചന്ദ്രന്‍, ബംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഖ് കുണ്ഡെ, പൂനെ എം.ഐ.ടി. വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിയിലെ പങ്കജ് കൊപാര്‍ഡേ എന്നിവരാണ് ഗവേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. ഗവേഷണഫലങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലായ സൂടാക്സയില്‍ പ്രസിദ്ധീകരിച്ചു.