നാഷണല്‍ സെന്റര്‍ ഓഫ് എക്സലെന്‍സില്‍ പ്രവേശനം നേടി ജില്ലയ്ക്ക് അഭിമാനമായി ഈ ഫെന്‍സിംഗ് താരങ്ങള്‍
നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി റൈഹാനത്ത് അമാന, 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി അനൈത നമ്പ്യാര്‍ എന്നിവരാണ് ജില്ലക്ക് അഭിമാനമായത്

കാസര്‍കോട്: ജില്ലക്ക് അഭിമാനമായി നാഷണല്‍ സെന്റര്‍ ഓഫ് എക്സലെന്‍സില്‍ പ്രവേശനം നേടി ജില്ലയിലെ ഈ ഫെന്‍സിംഗ് താരങ്ങള്‍. രാജ്യത്തെ ഉന്നതമായ കായിക പരിശീലന സ്ഥാപനത്തില്‍ പ്രവേശനം നേടിയ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി റൈഹാനത്ത് അമാന, 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി അനൈത നമ്പ്യാര്‍ എന്നിവരാണ് ജില്ലക്ക് അഭിമാനമായത്. കാസര്‍കോട് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഖേലോ ഇന്ത്യ സെന്ററിലാണ് ഇരുവരും ഇതുവരെ പരിശീലനം നേടിയിരുന്നത്.
സംസ്ഥാന-ദേശീയ മത്സരങ്ങളിലെ മികവ് പരിഗണിച്ച് അഖിലേന്ത്യ റാങ്ക് അടിസ്ഥാനമാക്കിയാണ് എന്‍.സി.ഒ.ഇയില്‍ സെലക്ഷന്‍ ലഭിച്ചത്. പഠന പരിശീലനവും മറ്റ് ചിലവുകളും കായിക മന്ത്രാലയം വഹിക്കും. ജില്ലയില്‍ നിന്നുള്ള കുട്ടികള്‍ ഫെന്‍സിംഗില്‍ ആദ്യമായാണ് ഇവിടെ പ്രവേശനം നേടുന്നത്.
ഡോണ മറിയ ടോമിന്റെ ശിക്ഷണത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ഫെന്‍സിംഗ് പരിശീലിക്കുന്നത്. ബിസിനസുകാരനായ ഷാന്‍ കല്ലങ്കാടിയുടെയും സിയാനയുടെയും മകളാണ് അമാന. റിട്ട. സബ് ട്രഷറി ജീവനക്കാരന്‍ മുരളി കൃഷ്ണന്റെയും ബെദിരയിലെ സ്‌കൂള്‍ അധ്യാപിക പുഷ്പവല്ലിയുടെയും മകളാണ് അനൈത.