ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി സച്ചിദാനന്ദന്

ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്‌മാന്‍, യഹ്യ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്

കാസര്‍കോട്: കവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സംസ്‌കാരിക രംഗത്തെ പ്രമുഖനുമായ പ്രഫ. കെ. സച്ചിദാനന്ദന്. ഈ മാസം 20ന് തൃശൂര്‍ ശക്തന്‍ നഗറിലെ എം.ഐ.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കവിതയിലും മലയാള ഭാഷയിലും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച ഉബൈദ് മാഷിന്റെ ജ്വലിക്കുന്ന സ്മരണകള്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്‌മാന്‍, യഹ്യ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് സച്ചിദാനന്ദനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

പ്രഥമ അവാര്‍ഡ് കോഴിക്കോട് അളകാപുരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണന് സമര്‍പ്പിച്ചിരുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ മുഴുവന്‍ കെ.എം.സി.സി. പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it