മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് പി സുകുമാരിക്ക്

കഴിഞ്ഞ 25 വര്‍ഷക്കാലമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന സാമൂഹ്യ വികസന പദ്ധതികളില്‍ നേതൃത്വപരമായ പ്രവര്‍ത്തനം നടത്തിവരുന്നത് കണക്കിലെടുത്താണ് അവാര്‍ഡ്

കാസര്‍കോട്: ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് പി സുകുമാരിക്ക്. കഴിഞ്ഞ 25 വര്‍ഷക്കാലമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന സാമൂഹ്യ വികസന പദ്ധതികളില്‍ നേതൃത്വപരമായ പ്രവര്‍ത്തനം നടത്തിവരുന്നത് കണക്കിലെടുത്താണ് അവാര്‍ഡ്. സ്വജല്‍ ധാര, ജലനിധി സാമൂഹിക കുടിവെള്ള പദ്ധതി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൂപ്പര്‍വൈസര്‍, ടീം ലീഡര്‍ എന്നീ നിലകളില്‍ 17 വര്‍ഷം വിവിധ പഞ്ചായത്തുകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. 2025 സെപ്റ്റംബര്‍ 12 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിലുള്ള സഖീ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സിലര്‍ കം കേസ് വര്‍ക്കര്‍, മാനസികാരോഗ്യ പദ്ധതിയില്‍ കൗണ്‍സിലര്‍ ജില്ലാ പഞ്ചായത്ത് ജാഗ്രത സമിതി കോഡിനേറ്റര്‍ കം കൗണ്‍സിലര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു. മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ ഉള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൂടാതെ കേരള വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ ജാഗ്രത സമിതിക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായി രണ്ടു പ്രാവശ്യം കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ലഭ്യമായതും പി സുകുമാരിയുടെ നേതൃത്വപരമായ പ്രവര്‍ത്തനം മൂലമാണ്. ജില്ലയിലെ ആയിരക്കണക്കിന് വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ കൗണ്‍സിലിംഗ് നല്‍കുക വഴി അവരുടെ പ്രതിസന്ധികളെ തരണം ചെയ്തു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ ശാക്തീകരണ പരിപാടികള്‍ സാമൂഹ്യ വികസന ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയുടെ റിസോഴ്‌സ് പേഴ്‌സനായും പ്രവര്‍ത്തിക്കുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് ജാഗ്രത സമിതിയുടെ കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. പെരുമ്പള കുണ്ടയിലെ വി കുഞ്ഞമ്പു നായരുടെയും പി ലക്ഷ്മിയുടെയും മകളും മാങ്ങാട് അരമങ്ങാനം കോടംകൈ വീട്ടില്‍ എംകെ സന്തോഷ് കുമാറിന്റെ ഭാര്യയുമാണ്.

Related Articles
Next Story
Share it