'കവിയുടെ കാല്‍പ്പാടുകള്‍ തേടി' യാത്രയ്ക്ക് തുടക്കമായി
മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മയില്‍ അദ്ദേഹം സഞ്ചരിക്കുകയും താമസിക്കുകയും കവിതകള്‍ എഴുതുകയും ചെയ്ത സ്ഥലങ്ങളിലൂടെയാണ് യാത്ര

കാഞ്ഞങ്ങാട്: മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മയില്‍ അദ്ദേഹം സഞ്ചരിക്കുകയും താമസിക്കുകയും കവിതകള്‍ എഴുതുകയും ചെയ്ത സ്ഥലങ്ങളിലൂടെ കവിയുടെ കാല്‍പ്പാടുകള്‍ തേടിയുള്ള യാത്രയ്ക്ക് വെള്ളിക്കോത്തെ കവി ഭവനമായ മഠത്തില്‍ വളപ്പില്‍ നിന്നും തുടക്കമായി. മഹാകവിയുടെ മകള്‍ വി. ലീല അമ്മാള്‍, മകന്‍ വി. രവിന്ദ്രന്‍ നായര്‍ എന്നിവര്‍ കവിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി യാത്രയ്ക്ക് തുടക്കം കുറിച്ചു.
കവിത തേടിയും ജീവിതം തേടിയും കവി അലഞ്ഞ പ്രകൃതിയുടെ ആത്മാവിലൂടെ, കവിചേര്‍ത്തുപിടിച്ച സാധാരണക്കാരുടെ നാടുകളിലൂടെ കവിക്ക് കവിത ചുരത്തി കൊടുത്ത വഴികളിലൂടെയാണ് യാത്ര. ആദ്യ ദിവസത്തില്‍ കവി ഏറെക്കാലം അധ്യാപകനായി ജോലി ചെയ്ത കൂടാളി ഹൈസ്‌കൂളില്‍ സംഘം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കാവ്യ പ്രതിഭയുടെ ഊര്‍ജ്ജം പകരാന്‍ കവിയെ സഹായിച്ച സര്‍ഗ്ഗ ഭൂമികളായ പൊന്മള, കൊല്ലംകോടും സന്ദര്‍ശിക്കും.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരുവില്ലാമല, ലക്കിടി, തുഞ്ചന്‍പറമ്പ്, തുഞ്ചന്‍ സ്മാരകം, ചെറുശ്ശേരി സ്മാരകം ഇതുകൂടാതെ മലപ്പുറം ജില്ലയിലെ കവിയുടെ പത്‌നി കുഞ്ഞിലക്ഷ്മി അമ്മയുടെ തറവാട് വീടായ വടയക്കളവും സന്ദര്‍ശിക്കും. ഗുരുവായൂരിന്റെ നടയിലും സംഘം എത്തും. ഒക്‌ടോബര്‍ ആറിന് യാത്ര പൂര്‍ത്തീകരിച്ച് സംഘം തിരിച്ചെത്തും.
90 വയസ്സ് പിന്നിട്ട മഹാകവിയുടെ മകന്‍ രവീന്ദ്രന്‍ നായര്‍, മകള്‍ ലീല അമ്മാള്‍ ഉള്‍പ്പെടെ 25 പേരാണ് യാത്രാസംഘത്തിലുള്ളത്.